ഐസ്‌ക്രീമും ദോശയും ഒരുമിച്ച് കഴിക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ആദ്യം ഇതൊന്ന് കേൾക്കുമ്പോൾ അയ്യേ... എന്നാകും പലരും പറയുക.ബം​ഗളൂരുവിലെ ജയനഗറിലെ ചായക്കട നടത്തുന്ന മഞ്ജുനാഥിന്റെ ഐസ്‌ക്രീം ദോശ കഴിക്കാനായി നിരവധി പേരാണ് എത്തുന്നത്.

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ഐസ്‌ക്രീം ദോശയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ' ഐസ്‌ക്രീം ദോശകളുടെ ആരാധകനല്ല, പക്ഷേ ഈ യുവാവിന്റെ കണ്ടുപിടുത്തത്തിന് മുഴുവൻ മാര്‍ക്കും നല്‍കുന്നു. കണ്ടുപിടുത്തങ്ങളുടെ ഒരു വലിയ സ്രോതസ്സുകളാണ് ഇന്ത്യന്‍ തെരുവുകളിലെ വില്‍പനക്കാര്‍.''- ഇത്തരത്തില്‍ കുറിച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. 

ദോശ മാത്രമല്ല വ്യത്യസ്തമായ ഇഡ്ഡലിയും ഇവിടെ കിട്ടും. ഐസ്‌ക്രീമില്‍ മുക്കിയെടുത്ത ഇഡ്ഡലി, ബിസ്‌ക്കറ്റ് ദോശ, ഫ്രൈഡ് ഐസ്‌ക്രീം എന്നിവയ്‌ക്കെല്ലാം ആരാധകര്‍ ഏറെയാണ്. ഐസ്‌ക്രീം ദോശയ്ക്കാണ് കൂടുതൽ ഡിമാന്റ്.

ഇനി ഇത്തരത്തില്‍ ഒരു ആശയം ലഭിച്ചത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിനും മഞ്ജുനാഥിന് കൃത്യമായ മറുപടിയുണ്ട്.ഒരു കുട്ടിയാണ് ഐസ്‌ക്രീം ദോശ ഉണ്ടാക്കി തരണമെന്ന് ആവശ്യപ്പെട്ടത്. പിന്നെ മറ്റൊന്നും ആലോചിക്കാതെ അതുണ്ടാക്കുകയായിരുന്നു.  മധുരം ചേര്‍ത്ത് ദോശ ആസ്വദിക്കുന്നവര്‍ക്കൊപ്പം തന്നെ ഈ രുചിയെ തള്ളിപ്പറയുന്നവരുമുണ്ട്.