Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ സാഗർ റാണി; 350 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

വാഹനത്തിൽ നിന്നും അഴുകി ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ കണ്ടെത്തിയ മുന്നൂറോളം കിലോ ചെമ്മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് ആരംഭിച്ച് പരപ്പനങ്ങാടി, ചെട്ടിപ്പടി, താനൂർ ഹാർബർ എന്നിവിടങ്ങളിലായി നാൽപതോളം പരിശോധനകൾ നടത്തി.

operation sagar rani 350 kg of old fish destroyed
Author
Malappuram, First Published Apr 7, 2020, 2:50 PM IST

മലപ്പുറം: കൊറോണ ഭീഷണിയെ തുടർന്ന് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ മായം കലർന്നതും പഴക്കംചെന്നതുമായ മത്സ്യം വിപണിയിലെത്തുന്നു എന്ന പരാതിയെ തുടർന്ന് തിരൂർ,താനൂർ,പരപ്പനങ്ങാടി ഭാഗങ്ങളിൽ പുലർച്ചെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയെ തുടർന്ന് ചെമ്മീൻ, ചൂര, കണ, കോലി എന്നീ ഇനങ്ങളിലായി 360 കിലോ മത്സ്യം നശിപ്പിച്ചു. "മാർക്കറ്റിൽ എത്താത്ത മൽസ്യം ചെറുവണ്ടികൾക്ക് ലഭിക്കുന്നു"

   മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഐസ് നിർമ്മാണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മത്സ്യ വിതരണത്തിന്റെ പുതിയ രഹസ്യങ്ങൾ അറിയുന്നത്.  വിതരണത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നറുകളിൽ നിറച്ച് ബോക്സുകളിലായി എത്തുന്ന മത്സ്യം നേരിട്ട് മാർക്കറ്റുകളിൽ എത്താതെ ഊടുവഴികളിൽ മറ്റും പാർക്ക് ചെയ്യുന്നു.

  ചെറു വണ്ടി കളിലേക്ക് വിതരണം നടത്തുന്നത് ഇത്തരം ഊടുവഴികളിൽ വച്ചാണ്. ഓപ്പറേഷൻ സാഗർ റാണി യുടെ ഭാഗമായി മാർക്കറ്റുകളിലെ പരിശോധന ഭയന്നാണ് വിതരണക്കാർ ഈ മാർഗ്ഗം സ്വീകരിക്കുന്നത്. താനൂർ സർക്കിളിലെ താനാളൂർ ദേവദാർ പ്രദേശത്ത് ശ്രദ്ധയിൽ പെടാത്ത ഭാഗത്ത് ആന്ധ്രപ്രദേശിൽ നിന്നും മൽസ്യവുമായി വന്ന വാഹനം  പാർക്ക് ചെയ്തിട്ടുണ്ട് എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു.

 വാഹനത്തിൽ നിന്നും അഴുകി ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ കണ്ടെത്തിയ മുന്നൂറോളം കിലോ ചെമ്മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് ആരംഭിച്ച് പരപ്പനങ്ങാടി, ചെട്ടിപ്പടി, താനൂർ ഹാർബർ എന്നിവിടങ്ങളിലായി നാൽപതോളം പരിശോധനകൾ നടത്തി. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ ജി ജയശ്രീ നേതൃത്വം നൽകി.

  ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ പി അബ്ദുൽ റഷീദ് ദിവ്യ ദിനേശ് പ്രിയ വിൽഫ്രഡ് എന്നിവരും ഫിഷറീസ് വകുപ്പിലെ റിസർച്ച് അസിസ്റ്റൻറ് ഡോക്ടർ ചൈതന്യയും പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ചും വിതരണ വാഹനങ്ങൾ കേന്ദ്രീകരിച്ചും ശക്തമായ പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios