വളരെയധികം ആരാധകരുളള ബോളിവുഡ് സൂപ്പര്‍ സ്റ്റാറാണ് സെയ്ഫ് അലി ഖാന്‍. ഡയറ്റിലും ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന താരം കൂടിയാണ് സെയ്ഫ്. ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നയാളാണ് താനെന്ന് സെയ്ഫ് തന്നെ  പറയുന്നു. തന്‍റെ ഡയറ്റ് എങ്ങനെയാണെന്നും സെയ്ഫ് വെളിപ്പെടുത്തി. 

വീട്ടില്‍ ഉണ്ടാകുന്ന ഭക്ഷണം ആണ് ഇഷ്ടം എന്നും ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാനാണ് നോക്കുന്നത് എന്നും സെയ്ഫ് പറയുന്നു. അത്താഴത്തിന് തനിക്ക് ഇറച്ചി കഴിക്കാനാണ് ഇഷ്ടം. ഉച്ചഭക്ഷണം പൂര്‍ണമായും വെജിറ്റേറിയനാക്കാനാണ് ഇഷ്ടം. പ്രാതലിന് മുട്ടയും ടോസ്റ്റും ഉച്ചയ്ക്ക് സബ്ജി, വെണ്ടയ്ക്ക, പരിപ്പുകറി ഖാജര്‍ മട്ടര്‍ എന്നിവയ്‌ക്കൊപ്പം റൊട്ടിയുമാണ് ശീലം. വല്ലപ്പോഴും മീന്‍കറിയും ചോറും കഴിക്കാറുണ്ട്. 

ഏറ്റവും ഇഷ്ടമുള്ള വിഭവം വെണ്ടക്ക ആണെന്നും സെയ്ഫ് പറയുന്നു. കരീനയ്ക്കും പച്ചക്കറികളോടാണ് കൂടുതല്‍ ഇഷ്ടം. പാചകകാര്യങ്ങളിലും സെയ്ഫിന് താല്‍പര്യമുണ്ട്. താനുണ്ടാക്കുന്ന മെഡിറ്ററേനിയന്‍ ഫിഷ് കറിയാണ് കരീനയ്ക്കും അമ്മയ്ക്കും ഏറെയിഷ്ടം എന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.  മുതലയിറച്ചിയാണ് ഇതുവരെ കഴിച്ചതില്‍ ഭ്രാന്തമായി തോന്നിയത്. ആഫ്രിക്കയിലെ ഒരു റെസ്റ്ററന്റില്‍ പോയപ്പോള്‍ പാമ്പുള്‍പ്പെടെയുള്ള വിഭവങ്ങള്‍ മുന്നില്‍ അവര്‍ നിരത്തി വെച്ചു. അവയില്‍ ഏറ്റവും രുചികരം ചിക്കന്‍ തന്നെയായിരുന്നു എന്നും സെയ്ഫ് പറയുന്നു. 

 

റംഗൂണ്‍ സിനിമ ചെയ്യുന്ന സമയത്ത് അസ്സമിലെ ഒരു വീട്ടില്‍ നിന്ന് കഴിച്ച അത്താഴം ഇപ്പോഴും മറക്കാനാവില്ല. തങ്ങളുടെ കൂടെയുണ്ടായിരുന്ന ഗൈഡിന്റെ വീട്ടിലായിരുന്നു ഭക്ഷണം. മുളയില്‍ വേവിച്ച ചോറും കിടിലന്‍ ബിയറുമൊക്കെയായിരുന്നു ഉണ്ടായിരുന്നത് -  സെയ്ഫ് കൂട്ടിച്ചേര്‍ത്തു.