സ്‌ട്രോക്ക് അഥവാ പക്ഷാഘാതം മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. എപ്പോഴും സ്‌ട്രോക്ക് ഗുരുതരമായ സാഹചര്യങ്ങളുണ്ടാക്കണമെന്നില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം മരണത്തിലേക്കെത്തിക്കുകയോ, ആജീവനാന്തം കിടപ്പിലാക്കുകയോ ചെയ്യാന്‍ ചില തരത്തിലുള്ള സ്‌ട്രോക്കുകള്‍ക്കാകും. അതിനാല്‍ത്തന്നെ, വലിയ വെല്ലുവിളിയാണ് സ്‌ട്രോക്ക് ഉയര്‍ത്തുന്നത്. 

പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ജീവിതരീതിയുമെല്ലാം നമ്മുടെ ആരോഗ്യത്തിനെ വളരെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. പല അസുഖങ്ങളും വരാതെ നോക്കാനും, വന്നുകഴിഞ്ഞാല്‍ നിയന്ത്രിക്കാനുമെല്ലാം നമുക്ക് ഭക്ഷണത്തിലൂടെയും ജീവിതരീതികളിലൂടെയും സാധ്യമാണ്. ഇതിനോട് ചേര്‍ത്തുവായിക്കുന്ന ഒരു പഠനറിപ്പോര്‍ട്ടിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. 

സ്‌ട്രോക്ക് പലവിധത്തിലുമുണ്ടാകാം. ചില തരത്തിലുള്ളതിനെ ഭക്ഷണത്തിലൂടെ ചെറുക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള നാല് ലക്ഷത്തിലധികം പേരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് യുകെയില്‍ നിന്നുള്ള ഗവേഷകര്‍ ഈ പഠനം നടത്തിയത്. 

ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍-പാലുത്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെയാണത്രേ സ്‌ട്രോക്കിനെ അകറ്റിനിര്‍ത്താന്‍ സാധിക്കുക. രക്തം കട്ട പിടിക്കുന്നതിനെ തുടര്‍ന്നോ, തലച്ചോറില്‍ രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാകുന്നതിനെ തുടര്‍ന്നോ, ധമനികള്‍ ചുരുങ്ങുന്നതിനെ തുടര്‍ന്നോ സംഭവിക്കുന്ന സ്‌ട്രോക്കിനെ പ്രതിരോധിക്കാനാണ് ഇത്തരം ഭക്ഷണങ്ങള്‍ സഹായകമാവുകയത്രേ. 

അതേസമം 'ഹെമറേജിക് സ്‌ട്രോക്ക്' എന്ന സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ ഇതൊന്നും മതിയാകില്ലെന്നും പഠനം വ്യക്തമാക്കുന്നു. രക്തക്കുഴലുകളിലെ പൊട്ടലിനെ തുടര്‍ന്ന് തലച്ചോറിലുണ്ടാകുന്ന ബ്ലീഡിംഗ് ആണ് 'ഹെമറേജിക് സ്‌ട്രോക്ക്' എന്നറിയപ്പെടുന്നത്. രക്തസമ്മര്‍ദ്ദം അളവിലധികം ഉയരുന്നതും മറ്റെന്തെങ്കിലും ആഘാതം കൊണ്ടോ ആണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. 

എന്തായാലും ഭക്ഷണം കൊണ്ട് ഏതെങ്കിലും രീതിയില്‍ സ്‌ട്രോക്കിനെ എതിര്‍ക്കാന്‍ കഴിയുമെങ്കില്‍ അത് പരീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ. സൈഡ് എഫക്ടോ മറ്റ് വെല്ലുവിളികളോ ഇക്കാര്യത്തില്‍ നില്‍ക്കുന്നില്ല. മാത്രമല്ല, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍- പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പല തരത്തിലുള്ള ഗുണങ്ങളും ആരോഗ്യത്തിന് നല്‍കുന്നുമുണ്ട്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ധാരാളായി ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലത് തന്നെ.