ഏറ്റവും കൂടുതൽ പേർ ഇഷ്​ടപ്പെടുന്ന പാനീയമാണ്​ ചായ. രാവിലെ തുടങ്ങുന്ന ചായ കുടി ചിലരില്‍ രാത്രിയിലും തുടരുന്നവരുണ്ടാകാം. തണുപ്പ്​ അനുഭവപ്പെടു​മ്പോൾ, തൊണ്ടയിൽ അസ്വസ്​ഥത അനുഭവപ്പെടുമ്പോള്‍, വിശ്രമം ആഗ്രഹിക്കുമ്പോള്‍, രാത്രി ഉറക്കമൊഴിച്ചിരിക്കു​മ്പോള്‍ എല്ലാം നമ്മൾ ചായയിൽ അഭയം കണ്ടെത്താറുണ്ട്​. ചായ അധികം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നുപറയുമ്പോഴും കട്ടന്‍ ചായയും പാല്‍ ചായയും  ലമണ്‍ ടീയും ഗ്രീന്‍ ടീയുമെല്ലാം ഇപ്പോള്‍ നമ്മുടെ ഇഷ്ട പാനീയമായി മാറി.

​ഗ്രീൻ ടീ പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ശരീരഭാരം കുറയ്ക്കാനും മറ്റു ആരോഗ്യ ഗുണങ്ങൾക്കായും ഗ്രീൻ ടീയെ ആശ്രയിക്കുന്നവരും കുറവല്ല. ഗ്രീൻ ടീയിൽ ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് ആരോഗ്യ ഗുണം നൽകുന്നത്. ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അത് വഴി നിങ്ങളുടെ പൊണ്ണത്തടിയും കുടവയറും ഇല്ലാതാകുകയും ചെയ്യും.

ഗ്രീന്‍ ടീ കുടിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് പഠനം നടത്തിയത്. ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ ഹൃദ്രോഗം വരാനുളള സാധ്യത 25 ശതമാനം കുറവാണെന്നും ഈ പഠനം പറയുന്നു.