Asianet News MalayalamAsianet News Malayalam

രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കാം; കഴിക്കാം ഈ മൂന്ന് ജ്യൂസുകള്‍...

പല കാരണങ്ങള്‍ കൊണ്ടുമാകാം രക്തസമ്മര്‍ദ്ദം ഉയരുന്നത്. മോശം ജീവിതശൈലി, മോശം ഡയറ്റ്, മാനസികസമ്മര്‍ദ്ദം കൂടുന്നത് എന്നിവയെല്ലാം സാധാരണഗതിയില്‍ കാണുന്ന കാരണങ്ങളാണ്. ഇവയ്ക്ക് പുറമെ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും രക്തസമ്മര്‍ദ്ദം ഉയര്‍ന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണാന്‍ മടിക്കരുത്

three vegetable juices which can control blood pressure
Author
Trivandrum, First Published Mar 31, 2020, 8:24 PM IST

രക്തസമ്മര്‍ദ്ദം ഉയരുന്നത് നിസാരമായ ഒരു പ്രശ്‌നമായി കാണരുത്. അനിയന്ത്രിതമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. 

പല കാരണങ്ങള്‍ കൊണ്ടുമാകാം രക്തസമ്മര്‍ദ്ദം ഉയരുന്നത്. മോശം ജീവിതശൈലി, മോശം ഡയറ്റ്, മാനസികസമ്മര്‍ദ്ദം കൂടുന്നത് എന്നിവയെല്ലാം സാധാരണഗതിയില്‍ കാണുന്ന കാരണങ്ങളാണ്. ഇവയ്ക്ക് പുറമെ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും രക്തസമ്മര്‍ദ്ദം ഉയര്‍ന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണാന്‍ മടിക്കരുത്. 

ആദ്യം സൂചിപ്പിച്ചത് പോലെ മോശം ജീവിതശൈലിയും മോശം ഡയറ്റുമെല്ലാം ഇതിന് കാരണമാകുന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ ചില കരുതലുകള്‍ നമുക്ക് പുലര്‍ത്താവുന്നതാണ്. ഇതിനോട് ചേര്‍ത്തുപറയാവുന്നതാണ് 'ഹെല്‍ത്തി ഡയറ്റ്'. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ 'ഹൈപ്പര്‍ടെന്‍ഷന്‍' ഉണ്ടാകാനുള്ള സാധ്യതകള്‍ നമുക്ക് ചുരുക്കാനാകാം. 'വെജിറ്റബിള്‍' ജ്യൂസുകള്‍ അത്തരത്തില്‍ നമ്മെ സഹായിക്കുന്നവയാണ്. മൂന്ന് തരം 'വെജിറ്റബിള്‍' ജ്യൂസുകളാണ് പ്രധാനമായും ഇതിന് വേണ്ടി നിങ്ങള്‍ക്ക് ആശ്രയിക്കാവുന്നത്. വളരെ ലളിതമായി വീട്ടില്‍ത്തന്നെ തയ്യാറാക്കി കഴിക്കാവുന്നതാണ് ഈ മൂന്ന് ജ്യൂസുകളും. 

ഒന്ന്...

സെലറി ജ്യൂസാണ് ഇതില്‍ ആദ്യമായി പരിചയപ്പെടുത്തുന്നത്. 

 

three vegetable juices which can control blood pressure

 

ധാരാളം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണിത്. ഇന്ന് മാര്‍ക്കറ്റുകളിലെല്ലാം സര്‍വസാധാരണമായി ഇത് ലഭ്യമാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, ഫൈബര്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സെലറിക്ക് പ്രത്യേക കഴിവുണ്ട് എന്ന് സൂചിപ്പിക്കുന്ന പല പഠനങ്ങളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ത്തന്നെ, ഇത് ജ്യൂസാക്കി കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് മറ്റൊന്നും ചേര്‍ക്കണമെന്നില്ല. അതല്ലെങ്കില്‍ ഇഷ്ടാനുസരണം മറ്റ് പച്ചക്കറികളെന്തെങ്കിലും ചേര്‍ക്കാം. ആവശ്യമെങ്കില്‍ നാരങ്ങാനീരും ചേര്‍ക്കാം. ഉപ്പ് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. 

രണ്ട്...

നമ്മുടെയെല്ലാം വീട്ടില്‍ എപ്പോഴും കാണുന്നൊരു പച്ചക്കറിയാണ് തക്കാളി. 

 

three vegetable juices which can control blood pressure

 

ഇതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉത്തമം തന്നെ. ഹൃദയാരോഗ്യത്തിനം ഇത് നല്ലതാണ്. ഉപ്പ് ചേര്‍ക്കാതെ വേണം തക്കാളി ജ്യൂസ് തയ്യാറാക്കാന്‍. ചില കടകളില്‍ ഇത് പാക്കറ്റായി വാങ്ങിക്കാന്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ അത് ഒട്ടും 'ഹെല്‍ത്തി'യല്ലെന്ന് മനസിലാക്കുക. ഉപ്പ്, പഞ്ചസാര, പ്രസര്‍വേറ്റീവ്‌സ് എല്ലാം ചേര്‍ത്ത ജ്യൂസാണ് വില്‍പനയ്ക്കായി വരുന്നത്. 

മൂന്ന്...

മൂന്നാമതായി പരിചയപ്പെടുത്തുന്നത് വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒരു ജ്യൂസാണ്. ബീറ്റ്‌റൂട്ട് ജ്യൂസ്. 

 

three vegetable juices which can control blood pressure

 

ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്‌സൈഡ്' രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, രക്തമുണ്ടാകാനും ബീറ്റ്‌റൂട്ട് വളരെ നല്ലതാണ്. ഇതും ഉപ്പ് ചേര്‍ക്കാതെ തയ്യാറാക്കി കഴിക്കുന്നതാണ് ഉത്തമം.

Follow Us:
Download App:
  • android
  • ios