ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ളതും എന്നാൽ ഇവ ശരീരത്തിന് ഉൽപാദിപ്പിക്കാൻ സാധിക്കാത്തവയുമാണ്. അതുകൊണ്ട് തന്നെ ഒമേഗ 3 ഫാറ്റി ലഭ്യമാകുന്നത് ഭക്ഷണത്തിൽ കൂടിമാത്രമാണ്.

കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ് . കുട്ടികള്‍ക്ക് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കൊടുക്കുന്നത് നല്ലതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ALA(Alpha- linolenic Acid) , DHA(decosahexa enic acid), EPA(Eicosa pentaenoic acid) എന്നിവയാണ് പ്രധാനപ്പെട്ട ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ALA സസ്യങ്ങളിലും DHA യും EPA യും മത്സ്യമാംസ്യാധികളിലും ആൽഗകളിലുമാണ് കാണപ്പെടുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്ലാക്സ് സീഡ്, വാൾനസ്, സൊയാബീൻ, ബ്രോക്കോളി, കാബേജ് തുടങ്ങിയവയിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ ഗുണങ്ങള്‍ നോക്കാം. 

1. കുട്ടികളിലെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സഹായിക്കും. 

2. DHA ധാരാളം ലഭിക്കുന്ന  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണിയുടെ ആരോഗ്യത്തിനും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും ഇത് നല്ലതാണ്. ഗർഭാവസ്ഥയിൽ ഇവ ആവശ്യ‌ത്തിന് ലഭ്യമായാൽ നല്ല രീതിയിൽ ബുദ്ധി വികാസം, കാഴ്ച ശക്തി എന്നിവ വര്‍ധിക്കും. 

3. ഹൃദയാരോഗ്യവും ഒമേഗ 3  ഫാറ്റി ആസിഡുമായി അടുത്ത ബന്ധമുണ്ട്. ആഴ്ചയിൽ രണ്ട് തവണ ഫാറ്റി ഫിഷ് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഇവ സഹായിക്കും. 

4. മേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. 

5. മേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം ആസ്തമ ഉണ്ടാക്കുന്ന കാരണങ്ങളെ തടയും.

 

6. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവ സമയത്ത വേദന ശമിക്കാന്‍ സഹായിക്കും.