കൊല്‍ക്കത്ത: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈ കോര്‍ത്ത് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയയും. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാക്കുന്ന വീഡിയോയില്‍ ആണ് ഇന്ത്യന്‍ മുന്‍ നായകന്‍ പങ്കാളിയാകുന്നത്. ഏഷ്യയിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും വീഡിയോയില്‍ ഒന്നിക്കുമെന്ന് എഎഫ്‌സി അറിയിച്ചു. 

കൊവിഡിനെ ചെറുക്കുന്നതില്‍ ലോകാരോഗ്യസംഘടന മുന്നോട്ടുവച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ആണ് വീഡിയോയിലെ പ്രധാന ഉളളടക്കം. നേരത്തെ പ്രധാനമന്ത്രി ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍, ഡോക്ടറായ സുഹൃത്തിനൊപ്പം ബൂട്ടിയയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

100 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമാണ് ബൂട്ടിയ. ഒരു ദശകത്തിലധികം ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമായിരുന്ന ബൂട്ടിയ  2011ലാണ് വിരമിച്ചത്.