മിന്‍സ്ക്(ബെലാറസ്): കൊവിഡ് 19 മഹാമാരിക്കിടയിലും രാജ്യത്തെ ഫുട്ബോള്‍ ലീഗുമായി മുന്നോട്ടുപോകുമെന്ന് ബെലാറസ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലീഗ് നിര്‍ത്തിവെക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ബെലാറസ് ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെര്‍ജി സാര്‍ദെറ്റ്സ്കി പറഞ്ഞു. കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ലോകമെമ്പാടും കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കെയാണ് വ്യത്യസ്ത നിലപാടുമായി ബെലാറസ് രംഗത്തുവന്നിരിക്കുന്നത്. 

നിലവില്‍ രാജ്യത്തെ സാഹചര്യങ്ങളില്‍ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്നും കാണികളെ പ്രവേശിപ്പിച്ചുകൊണ്ടുതന്നെ മത്സരങ്ങള്‍ നടത്തുമെന്നും സാര്‍ദെറ്റ്സ്കി വ്യക്തമാക്കി. സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാണികള്‍ക്ക് പനിയുണ്ടോ എന്ന് പരിശോധിച്ച ശേഷമെ പ്രവേശനം അനുവദിക്കൂവെന്നും നിലവിലെ സാഹചര്യത്തില്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സാര്‍ദെറ്റ്സ്കി പറഞ്ഞു

കൊവിഡ് 19 രോഗം ബാധിച്ച് ബെലാറസില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്. 351 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. എന്നാല്‍ കായികമത്സരങ്ങളൊന്നും റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കൊവിഡ് വൈറസ് ബാധയെ പേടിക്കേണ്ടെന്നും രോഗം പടരാതിരിക്കാന്‍ ജനങ്ങള്‍ വോഡ്ക കഴിക്കുകയും ഇടക്കിടെ കൈ കഴുകുകയും ചെയ്താല്‍ മതിയെന്നാണ് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെന്‍ങ്കോയുടെ നിലപാട്. ഗ്രാമങ്ങളിലെ ജനങ്ങള്‍ ട്രാക്ടറില്‍ പാടത്ത് പണിയെടുക്കുകയാമ്. ആരും കൊറോണയെക്കുറിച്ച് പറയുന്നില്ല. ട്രാക്ടറും പാടങ്ങളും എല്ലാ മഹാമാരിയെയും ശമിപ്പിക്കുമെന്നും ലൂക്കാഷെങ്കോ പറഞ്ഞു.

മധ്യേഷ്യന്‍ രാജ്യമായ തജക്കിസ്ഥാനും ലീഗ് മത്സരങ്ങള്‍ മുന്‍നിശ്ചയപ്രകാരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബെലാറസിന് പുറമെ നിക്കാരഗ്വേ, ബുറുണ്ടി തുടങ്ങിയ രാജ്യങ്ങളും ലീഗ് മത്സരങ്ങളുമായി മുന്നോട്ട് പോകുകയാണ്.