സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയുടേതാണ് തീരുമാനം. ജൂണില്‍ യൂറോപ്പില്‍ നടക്കേണ്ട സൗഹൃദമത്സരങ്ങള്‍ അടക്കം എല്ലാ രാജ്യാന്തര മത്സരങ്ങളും മാറ്റിവച്ചതായും യുവേഫ അറിയിച്ചു.

55 അംഗരാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തീരുമാനത്തിലെത്തിയത്. ഇതോടെ വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളുടെ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയേറി. 

ജൂണ്‍ 30നകം ലീഗ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും ധാരണയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്പാനിഷ് ലീഗ് തുടങ്ങി യൂറോപ്പിലെ മുന്‍നിര ലീഗുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.