കൊല്‍ക്കത്ത: സെവൻസ് മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച ആർ. ധനരാജന്റെ കുടുംബത്തെ സഹായിക്കാൻ കൊൽക്കത്തയിലെ ഫുട്ബോൾ താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നു. ബുധനാഴ്ച മുഹമ്മദൻ സ്പോർട്ടിംഗ് മൈതാനത്താണ് ചാരിറ്റി മത്സരം നടക്കുക.

ഇന്ത്യയുടെ മുൻക്യാപ്റ്റൻ അ‍ർണബ് മൊണ്ടൽ, മെഹ്താബ് ഹുസൈൻ, സയിദ് റഹിം നബി, ഡെൻസൺ ദേവദാസ് തുടങ്ങിയവർ മത്സരത്തിനിറങ്ങും. മുഹമ്മദൻസ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ടീമുകൾക്ക് കളിച്ചിട്ടുള്ള ധനരാജൻ സന്തോഷ് ട്രോഫിയിൽ ബംഗാളിന്റെയും ജഴ്സിയണിഞ്ഞു.

നേരത്തേ, ഗോകുലം കേരള ചർച്ചിൽ ബ്രദേഴ്സിന് എതിരായ മത്സരത്തിന്റെ മുഴുവൻ വരുമാനവും ധനരാജന്റെ കുടുംബത്തിന് കൈമാറിയുന്നു. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസിൽ എഫ്‌സി പെരിന്തൽമണ്ണയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയപ്പോഴാണ് ധനരാജ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്.

Also Read: സഡന്‍ ഡെത്ത്'; ധനരാജിന്റെ വിയോഗം ഉള്‍ക്കൊള്ളനാവാതെ ഫുട്ബോള്‍ ലോകം

ഒരു കാലത്ത് പാലക്കാട് സജ്ജീവമായിരുന്ന മുകുന്ദൻ മെമ്മോറിയൽ ഫുട്ബോൾ ക്ലബിലെ അണ്ടര്‍ 14 താരമായായിട്ടായിരുന്നു ധനരാജിന്‍റെ പ്രൊഫഷണൽ ഫുട്ബോളിലെ അരങ്ങേറ്റം. രണ്ട് വ‍ര്‍ഷം മോഹൻ ബഗാനുവേണ്ടിയും 2014 മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും പ്രതിരോധ താരമായി കളത്തിലിറങ്ങി.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടിയും പശ്ചിമ ബംഗാളിന് വേണ്ടിയും ബൂട്ടണിയാൻ അവസരം കിട്ടി. ഏഷ്യയിലെ പ്രസിദ്ധമായ ഡ്യൂറൻസ് കപ്പ് കൊൽക്കത്തയിലെ മുഹമ്മദൻസ് സ്പോര്‍ട്ടിങ്ങ് ക്ലബ് ഉയര്‍ത്തിയപ്പോൾ അതിന്‍റെ നായകത്വം വഹിച്ചതും ധനരാജായിരുന്നു.