വുഹാന്‍: കൊറോണ വൈറസ് ആശങ്കയിൽ കായികലോകവും. ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ ചൈനയിലെ വുഹാനിൽ നിന്ന് മാറ്റി. വനിതാ ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ കിഴക്കന്‍ ചൈനയിലെ നാൻജിങ്ങിലേക്കാണ് മാറ്റിയത്. എന്നാല്‍ അടുത്ത മാസം മൂന്നിന് തുടങ്ങേണ്ട ഏഷ്യ- ഓഷ്യാനിയ ബോക്‌സിംഗ് യോഗ്യതാ മത്സരങ്ങളുടെ പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല. മേരി കോം അടക്കം ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കേണ്ട ചാമ്പ്യന്‍ഷിപ്പാണിത്. 

Read more: കൊറോണ വൈറസ് പടരുന്ന ചൈനീസ് നഗരത്തില്‍ 20 മലയാളികള്‍ കുടുങ്ങി കിടക്കുന്നു

ചൈനയിൽ രോഗം ബാധിച്ച് 25 പേർ മരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ തീരുമാനം. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വുഹാനില്‍ കുടുങ്ങിക്കിടപ്പുണ്ട്. 

Read more: കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് എംബസി

കൊറോണ വൈറസ് ബാധയില്‍ മരണം 25 പേര്‍ ആയതായി ചൈനീസ് വൃത്തങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചു. ഇതിനകം 830 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 177 പേരുടെ നില ഗുരുതരമാണെന്നും ചൈനയിലെ ദേശീയ ആരോഗ്യ മിഷന്‍ വ്യക്തമാക്കി. 1,072 പേര്‍ നിരീക്ഷണത്തിലുണ്ട്. വൈറസ് ഭീഷണിനെ തുടര്‍ന്ന് ബീജിംഗിലെയും ഹോങ്കോംഗിലെയും വമ്പന്‍ ആഘോഷപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട് എന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.