നോർവിച്ച്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. പോയിന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർവിച്ച് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്. 

എഴുപത്തിയെട്ടാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ സാദിയോ മാനെയാണ് വിജയഗോൾ നേടിയത്. 26 കളികളിൽ നിന്ന് 76 പോയിന്‍റുള്ള ലിവർപൂളിന് അവസാന 12 കളികളിൽ അഞ്ച് ജയം സ്വന്തമാക്കിയാൽ കിരീടം നേടാം. ആദ്യ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ലിവർപൂളിന് നിലവിൽ 25 പോയിന്‍റിന്‍റെ ലീഡുണ്ട്. അവസാനക്കാരായ നോര്‍വിച്ച് സിറ്റിക്ക് 26 കളിയില്‍ 18 പോയിന്‍റാണുള്ളത്.

പ്രീമിയർ ലീഗിൽ ആഴ്‌സണലും ടോട്ടനവും ഇന്ന് ഇരുപത്തിയാറാം റൗണ്ട് മത്സരത്തിനിറങ്ങും. ലീഗിലെ ആറാം സ്ഥാനക്കാരായ ടോട്ടനത്തിന് ആസ്റ്റൺ വില്ലയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. സീസണിൽ പത്ത് ജയവും ഏഴ് തോൽവിയും ഒൻപത് സമനിലയുമുള്ള ടോട്ടനത്തിന് 37 പോയിന്റാണുള്ളത്. 25 പോയിന്റുമായി തരംതാഴ്‌ത്തൽ ഭീഷണി നേരിടുന്ന ആസ്റ്റൻ വില്ല പതിനേഴാം സ്ഥാനത്താണ്.

ആഴ്‌സണൽ രാത്രി പത്തിന് തുടങ്ങുന്ന കളിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 31 പോയിന്റ് വീതമാണെങ്കിലും ഗോൾ
ശരാശരിയിൽ ആഴ്‌സണൽ പന്ത്രണ്ടും ന്യൂകാസിൽ പതിമൂന്നും സ്ഥാനത്താണ്.