ആസ്റ്റൺ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ ടോട്ടനം ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഇഞ്ച്വറിടൈമിന്‍റെ നാലാം മിനിറ്റിലെ ഗോളിലാണ് ടോട്ടനത്തിന്‍റെ നാടകീയ ജയം. ദക്ഷിണ കൊറിയന്‍ താരം ഹ്യൂങ് മിന്‍ സോനാണ് നിര്‍ണായക ഗോള്‍ നേടിയത്.

നേരത്തെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും സോന്‍ ഗോള്‍ നേടിയിരുന്നു. ഒന്‍പതാം മിനിറ്റില്‍ ടോബിയുടെ സെൽഫ് ഗോളില്‍ ടോട്ടനം പിന്നിലായിരുന്നു. ടോബി പിന്നാലെ ടോട്ടനത്തിനായി ഗോളും നേടി. 26 കളിയിൽ 40 പോയിന്‍റുമായാണ് ടോട്ടനം അഞ്ചാം സ്ഥാനത്തെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ വിലക്കേര്‍പ്പെടുത്തിയതിനാൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് എത്തുന്ന ടീമിനും ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായേക്കും. 

ഓസില്‍ വലകുലുക്കി; ആഴ്‌സനലിന് വമ്പന്‍ ജയം

അതേസമയം ന്യൂകാസില്‍ യുണൈറ്റഡിനെ മറുപടിയില്ലാത്ത നാല് ഗോളിന് ആഴ്‌സനല്‍ തകര്‍ത്തു. രണ്ടാം പകുതിയിലാണ് എല്ലാം ഗോളും ആഴ്‌സനല്‍ നേടിയത്. 54-ാം മിനിറ്റില്‍ പിയറി ഔബമയാങ്, 57-ാം മിനിറ്റില്‍ നിക്കോളാസ് പെപ്പെ, 90-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസില്‍, ഇഞ്ച്വറി ടൈമിൽ അലക്‌സാണ്ടര്‍ ലക്കാസെറ്റെ എന്നിവരാണ് ആഴ്‌സനലിനായി ലക്ഷ്യം കണ്ടത്. 26 കളിയിൽ 34 പോയിന്‍റുള്ള ആഴ്‌സനൽ പത്താം സ്ഥാനത്താണ്.

ബുണ്ടസ്‌ ലിഗയില്‍ ബയേണിന്‍റെ ഗോള്‍മഴ; തലപ്പത്ത്

ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും മിന്നുംജയം സ്വന്തമാക്കി. ബയേൺ ഒന്നിനെതിരെ നാല് ഗോളിന് കോളോണിനെ തകര്‍ത്തു. ആദ്യ 12 മിനിറ്റിനുള്ളില്‍ ബയേൺ മൂന്ന് ഗോളിന് മുന്നിലെത്തി. മൂന്നാം മിനിറ്റില്‍ തന്നെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ബയേണിനെ മുന്നിലെത്തിച്ചു. രണ്ട് മിനിറ്റിന് ശേഷം കിംഗ്സ്‍‍ലി കോമാന്‍ ലീഡുയര്‍ത്തി. പിന്നീട് ഇരട്ടഗോളുമായി സെര്‍ജി ഗ്നാബ്രി ബയൺ ജയം ഉറപ്പിച്ചു. 12 , 66 മിനിറ്റുകളിലാണ് ഗ്നാബ്രി ഗോള്‍ നേടിയത്. 

22 കളിയിൽ 46 പോയിന്‍റുമായി ജയത്തോടെ ബയേൺ ലീഗില്‍ ഒന്നാമതെത്തി. പോയിന്‍റ് പട്ടികയിൽ പിന്നിലുള്ള പാഡര്‍ബോൺ ആണ് ബയേണിന്‍റെ അടുത്ത എതിരാളികള്‍