അസുന്‍സിയോണ്‍: മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി. വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെയാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വായില്‍ പിടിയിലായത്. പിന്നാലെ 32 ദിവസത്തെ ജയില്‍വാസം കഴിഞ്ഞതിന് ശേഷമാണ് റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനാകുന്നത്. ജയിലില്‍നിന്ന് വിട്ടയച്ചാലും അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയണം. ഏകദേശം 1.6 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ഇരുവരേയും ജയിലില്‍ നിന്ന് മോചിപ്പിച്ചത്. ഇരുവരേയും പരാഗ്വേയിലെ അസെന്‍ഷന്‍ ഹോട്ടലിലാവും തടങ്കലില്‍ പാര്‍പ്പിക്കുക.

ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വായിലെ തലസ്ഥാനനഗരമായ അസുന്‍സിയോണിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ താരം വ്യാജ പോസ്‌പോര്‍ട്ടാണ് ഉപയോഗിച്ചതെന്ന് തെളിയുകയായിരുന്നു. ഇതോടെ താരത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിനോടൊപ്പം യാത്രാരേഖകളും പിടിച്ചെടുത്തിരുന്നു. റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളേക്കൂടി കസ്റ്റഡിയിലെടുത്തിരുന്നു. 

എന്നാല്‍ തന്നെ വഞ്ചിച്ചതാണെന്നായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ വാദം. ഏജന്റ് നല്‍കിയ പാസ്പോര്‍ട്ട് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് അറസ്റ്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പരാഗ്വേ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താരത്തിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. 

പരിസ്ഥിതി നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ 2018ല്‍ റൊണാള്‍ഡീഞ്ഞോയുടെ ബ്രസീലിയന്‍ പാസ്പോര്‍ട്ട് അധികൃതര്‍ റദ്ദാക്കിയിരുന്നു.വന്‍ പിഴ ഈടാക്കി കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും പിഴയൊടുക്കാത്തതിനെ തുടര്‍ന്ന് 2018 നവംബറില്‍ റൊണാള്‍ഡീഞ്ഞോയുടെ പാസ്പോര്‍ട്ട് ബ്രസീല്‍ റദ്ദാക്കിയിരുന്നു.