മലപ്പുറം: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കൈത്താങ്ങുമായി മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം എം പി സക്കീര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം വീട് വിട്ടുനല്‍കിയിിരിക്കുകയാണ് മലപ്പുറം, അരീക്കോട് സ്വദേശി. ഫേസ്ബുക്ക് വഴിയാണ് സക്കീര്‍ ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കും താമസിക്കാനാണ് വീട് നല്‍കിയിരിക്കുന്നത്. 

ഭാര്യ ഫാസീലയുടെയും പൂര്‍ണസമ്മതത്തോടുകൂടിയാണ് വീട് നല്‍കിയിരിക്കുന്നത്. ഭാര്യക്കും മകള്‍ മറിയത്തിനുമൊപ്പം ഭാര്യാ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സക്കീര്‍.
നിരീക്ഷണത്തിലുള്ളവരെ ദൂരംകൊണ്ട് അകറ്റി നിര്‍ത്തുന്നതിന് പകരം മാനസികമായി അകറ്റി നിര്‍ത്തരുതെന്ന് സക്കീര്‍ പറയുന്നു.

മധ്യനിരയില്‍ ഇന്ത്യയിലെ മികച്ച കളിക്കാരില്‍ ഒരാളായ സക്കീര്‍ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി, ചെന്നൈയിന്‍ എഫ് സി എന്നീ ടീമുകള്‍ക്ക് ഐ എസ് എല്ലില്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 2017ല്‍ ചെന്നൈയിന്‍ എഫ് സി ചാമ്പ്യന്‍മാരായപ്പോള്‍ ടീം അംഗമായിരുന്നു. വിവ കേരള, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കൊപ്പവും സക്കീര്‍ കളിച്ചിട്ടുണ്ട്.