കൊച്ചി: ഐഎസ്എല്ലില്‍ സീസണിലെ അവസാന ഹോം മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ ശക്തമായ ഇലവനുമായി കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദും നായകന്‍ ബെര്‍ത്തലോമ്യൂ ഒഗ്‌‌ബച്ചെയും മെസ്സി ബൗളിയും ആദ്യ ഇലവനിലുണ്ട്. ബിലാല്‍ ഖാനാണ് ഗോള്‍വല കാക്കുന്നത്. 

പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ അവസാന ഹോം മത്സരത്തിനാണ് ഇറങ്ങുന്നത്. കൊച്ചിയിലെ അവസാന മത്സരത്തില്‍ ജയിച്ച് ആരാധകരെ ത്രസിപ്പിക്കുകയെന്ന ലക്ഷ്യമാകും ഒഗ്‌‌ബച്ചെയ്‌ക്കും സംഘത്തിനും. എവേ മത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റതിന് പകരംവീട്ടാനും ടീം ലക്ഷ്യമിടുന്നു. 

സന്ദേശ് ജിംഗാന്‍, മാരിയോ ആര്‍ക്കേസ് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ പരുക്കിന്റെ പിടിയിലായതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണില്‍ തീര്‍ത്തും നിറംമങ്ങിയത്. എടികെയെ രണ്ട് തവണയും ഹൈദരാബാദിനെ ഒരു പ്രാവശ്യവും തോല്‍പ്പിക്കാനായെന്നത് മാത്രമാണ് ആരാധകര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.

സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ്. ഇരുപത്തിമൂന്നിന് ഒഡീഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന മത്സരം.