മാഡ്രിഡ്: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റീനിലായിരുന്ന റയല്‍ മഡ്രിഡ് താരം ലൂക്കാ ജോവിച്ച് ചട്ടം ലംഘിച്ച് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനം. മറ്റു റയല്‍ മഡ്രിഡ് താരങ്ങള്‍ക്കൊപ്പം സ്‌പെയിനില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ ലൂക്ക ജോവിച്ച് ജന്‍മനാടായ സെര്‍ബിയയിലെത്തിയതാണ് വിമര്‍ശനത്തിന് കാരണം. 

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് താരം ബെല്‍ഗ്രേഡിലെത്തുകയും കാമുകിയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സെര്‍ബിയന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മകന്‍ തെറ്റുകാരനെങ്കില്‍ ജയിലില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ജോവിച്ചിന്റെ പിതാവ് ആവശ്യുപ്പെട്ടു. 

പ്രതിഷേധം ശക്തമായതോടെ ലൂക്ക ജോവിച്ച് മാപ്പ് പറഞ്ഞു. റയല്‍ മഡ്രിഡില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം പരിശീലിക്കുന്ന ബാസ്‌കറ്റ്‌ബോള്‍ താരങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ടീമിനെ ഒന്നാകെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. റയല്‍ ഫുട്‌ബോള്‍ ടീമില്‍ ആര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.