ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരത്തില്‍ സമനില പിടിച്ചുവാങ്ങി. ഒഡീഷ എഫ്‌സിയെ അവരുടെ ഗ്രൗണ്ടില്‍ 4-4ന് സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. 4-2ന് പിന്നില്‍ പോയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില. ഇഞ്ചുറി സമയത്ത് ഉള്‍പ്പെടെ അവസാന നിമിഷങ്ങളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍. ഒഗ്‌ബെഷെ ഇരട്ട ഗോളുകളും മെസി ബൗളിയുടെ ഒരു ഗോളും ഒരു സെള്‍ഫ് ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില ഒരുക്കിയത്. ഒഡീഷയ്ക്കായി മാനുവല്‍ ഒന്‍വു ഹാട്രിക് നേടി. മാര്‍ട്ടിന്‍ പെരസിന്റെ വകയായിരുന്നു ഒഡീഷയുടെ മറ്റൊരു ഗോള്‍. ഒഡീഷയ്ക്ക് ലീഗില്‍ മുംബൈ സിറ്റിയെ മറികടന്ന് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരവും ഇതോടെ നഷ്ടമായി.

ആദ്യ മിനിറ്റില്‍ തന്നെ ഒന്‍വുവിന്റെ ഗോളിലൂടെ ഒഡീഷ മുന്നിലെത്തി. എന്നാല്‍ ആറാം മിനിറ്റില്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. എന്നാല്‍ 28ാം മിനിറ്റില്‍ മെസി ബൗളിയുടെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. പിന്നീട് ഒഡീഷയുടെ ആധിപത്യമായിരുന്നു. 36ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഒന്‍വു ഒഡീഷയെ ഒപ്പമെത്തിച്ചു. ആദ്യപകുതിക്ക് മുമ്പ് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പെരസ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചു. 51ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് ഒന്‍വു ഒരിക്കല്‍കൂടി ഒഡീഷയ്ക്ക് ലീഡ് സമ്മാനിച്ചു.

അവസാന മത്സരത്തില്‍ പരാജയത്തോടെ മടങ്ങേണ്ടിവരുമെന്നു തോന്നിച്ചെങ്കിലും രണ്ട് പെനാല്‍റ്റികള്‍ക്ക് ബ്ലാസ്റ്റേഴ്‌സിന് രക്ഷയായി. 83ാം മിനിറ്റിലും ഇഞ്ചുറി സമയത്തുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പെനാല്‍റ്റി ഗോളുകള്‍. 18 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 25 പോയിന്റാണ് ഒഡീഷയുടെ സമ്പാദ്യം.