മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. അത്‌ലറ്റികോ മാഡ്രിഡാണ് പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ലിവര്‍പൂളിനെ ഞെട്ടിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്‌ലറ്റികോ മാഡ്രിഡിന്റെ ജയം. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയെ തോല്‍പ്പിച്ചു.  

അത്‌ലറ്റികോയോടെ ഹോം ഗ്രൗണ്ടായ മെട്രൊപൊളിറ്റാനോയില്‍ സോള്‍ നിഗ്വസാണ് അത്‌ലറ്റികോയുടെ ഏകഗോള്‍ നേടിയത്. നാലാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കില്‍ വിന്ന് വീണുകിട്ടിയ അവസരം നിഗ്വസ് ഗോളാക്കി മാറ്റി. സ്പാനിഷ് ടീമുകള്‍ക്ക് എതിരെ കഴിഞ്ഞ അഞ്ച് എവേ മത്സരങ്ങളിലും ജയിക്കാനാവാത്ത റെക്കോഡ് ഇത്തവണയും ലിവര്‍പൂളിന് മറികടക്കാനായില്ല.

എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ബൊറൂസിയ ജയിച്ചുകയറിയത്. നെയ്മറിന്റെ വകയായിരുന്നു പിഎസ്ജിയുടെ ഏകഗോള്‍. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിന്റെ മൂന്ന് ഗോളുകളും. 69ാം മിനിറ്റിലായിരുന്നു നോര്‍വീജിയന്‍ താരത്തിന്റെ ആദ്യഗോള്‍. 75ാം മിനിറ്റില്‍ നെയ്മറുടെ ഗോളില്‍ പിഎസ്ജി ഒപ്പെത്തി. എന്നാല്‍ രണ്ട് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. 77ാം മിനിറ്റില്‍ ഹാളണ്ട് തിരിച്ചടിച്ചു. മഞ്ഞകാര്‍ഡ് കണ്ടതിനാല്‍ രണ്ടാം പാദത്തില്‍ മാര്‍കോ വെരാറ്റി ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുക.