Asianet News MalayalamAsianet News Malayalam

വിമര്‍ശനങ്ങള്‍ക്ക് ഹാട്രിക് ഗോളോടെ മെസിയുടെ മറുപടി; ഐബറിനെ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം- വീഡിയോ കാണാം

വിമര്‍ശനങ്ങള്‍ക്ക് കാലുകൊണ്ട് മറുപടി നല്‍കി ബാഴ്‌സലോണ താരം ലിയോണല്‍ മെസി. ലാ ലിഗയില്‍ ഐബറിനെതിരായ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോളുകളാണ് മെസി നേടിയത്.

messi's hat trick help barcelona to beat eibar
Author
Barcelona, First Published Feb 22, 2020, 11:13 PM IST

ബാഴ്‌സലോണ: വിമര്‍ശനങ്ങള്‍ക്ക് കാലുകൊണ്ട് മറുപടി നല്‍കി ബാഴ്‌സലോണ താരം ലിയോണല്‍ മെസി. ലാ ലിഗയില്‍ ഐബറിനെതിരായ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോളുകളാണ് മെസി നേടിയത്. മെസിയുടെ കരുത്തില്‍ ഐബറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ബാഴ്‌സ തകര്‍ത്തു. അര്‍തര്‍ മെലോയുടെ വകയായിരുന്നു ബാഴ്‌സയുടെ മറ്റൊരു ഗോള്‍. ഇതോടെ താല്‍ക്കാലത്തേക്കെങ്കിലും ബാഴ്‌സ ഒന്നാമതെത്തി. 25 മത്സരങ്ങളില്‍ 55 പോയിന്റാണ് അവര്‍ക്കുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച റയല്‍ മാഡ്രിഡ് 53 പോയിന്റുമായി രണ്ടാമതാണ്.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ മെസി ഗോള്‍ നേടിയിട്ടില്ലെന്നുള്ളതായിരുന്നു താരത്തിനെതിരെയുണ്ടായിരുന്ന പ്രധാന വിമര്‍ശനം. അതിനെല്ലാമുള്ള മറുപടിയാണ് ഇന്ന് ഗ്രൗണ്ടില്‍ കണ്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ മെസി ഹാട്രിക് പൂര്‍ത്തിയാക്കി. 14, 37, 40 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. രണ്ടാം പകുതിക്ക് ശേഷം 87ാം മിനിറ്റില്‍ മെസി തന്റെ പട്ടിക പൂര്‍ത്തിയാക്കി. പുത്തന്‍താരം മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ നാലാം ഗോള്‍. 89ാം മിനിറ്റില്‍ അര്‍തര്‍ മെലോ പട്ടിക പൂര്‍ത്തിയാക്കി.

പുലര്‍ച്ചെ 1.30ന് നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ലെവാന്റയെ നേരിടും. എവേ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ റയലിന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.

Follow Us:
Download App:
  • android
  • ios