ടോട്ടനം: യുവേഫ ചാമ്പ്യൻസ്‍ ലീഗ് പ്രീ-ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ വമ്പന്‍മാര്‍ക്ക് കാലിടറുന്നത് തുടരുന്നു. ആർ.ബി. ലൈബ്സിഗ് പ്രീമിയര്‍ ലീഗ് കരുത്തരായ ടോട്ടനത്തെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലൈബ്സിഗിന്റെ ജയം. ടിമോ വെർനറാണ് വിജയഗോൾ നേടിയത്. പെനാൽട്ടിയിലൂടെയായിരുന്നു വെർനറുടെ ഗോൾ. കളിയിലുടനീളം മികവ് പുലർത്തിയാണ് ലൈബ്സിഗ് ജയം നേടിയത്.

അതേസമയം സ്‌പാനിഷ് വമ്പന്മാരായ വലൻസിയയെ തോൽപ്പിച്ച് അറ്റ്‍ലാന്‍റയുടെ സ്വപ്നക്കുതിപ്പിനും ചാമ്പ്യന്‍സ് ലീഗ് സാക്ഷിയായി. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു അറ്റലാന്‍റയുടെ വിജയം. ഇരട്ട ഗോൾ നേടിയ ഹാൻസ് ഹറ്റബോവർ ആണ് ഇറ്റാലിയൻ ക്ലബിനായി തിളങ്ങിയത്.

നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അത്‌ലറ്റികോ മാഡ്രിഡാണ് പ്രീമിയര്‍ ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ലിവര്‍പൂളിനെ ഞെട്ടിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്‌ലറ്റികോ മാഡ്രിഡിന്റെ ജയം. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ തോല്‍പിച്ചിരുന്നു.