മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഇന്ന് വമ്പന്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരും. സ്‌പെയിനിൽ റയൽ മാഡ്രിഡിന്‍റെ ഹോംഗ്രൗണ്ടിൽ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. 

സൂപ്പര്‍ പരിശീലകരായ ഗ്വാര്‍ഡിയോളയും സിദാനും തമ്മിലുള്ള പോരാട്ടം കൂടിയാണ് മത്സരം. യൂറോപ്യന്‍ ലീഗിൽ നിന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് അഭിമാനപ്പോരാട്ടമാണ്. പരിക്കേറ്റ സൂപ്പര്‍ താരം ഹസാര്‍ഡ് റയൽ നിരയിൽ ഉണ്ടാകില്ല. 

ചാമ്പ്യന്‍സ് ലീഗിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് മുന്‍പ് സിറ്റി പരിശീലകനെ പ്രശംസിച്ച് റയൽ കോച്ച് രംഗത്തെത്തി. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയാണ് എന്നാണ് സിനദിന്‍ സിദാന്‍റെ പ്രശംസ. ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകളിലായി ഗ്വാര്‍ഡിയോള തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസും പ്രീ ക്വാര്‍ട്ടറില്‍ ഇന്നിറങ്ങും. ഫ്രഞ്ച് ക്ലബ്ബായ ലിയോൺ ആണ് എതിരാളികള്‍. ലിയോൺ മൈതാനത്താണ് ആദ്യപാദ മത്സരം.