ദില്ലി: കഴിഞ്ഞമാസം റിയല്‍മീ X2 പ്രോ പുറത്തിറക്കിയ സമയത്താണ് തങ്ങള്‍ ആപ്പിള്‍ എയര്‍പോഡിന് സമാനമായ ഇയര്‍ബഡ്സ് പുറത്തിറക്കുന്ന കാര്യം റിയല്‍മീ സൂചിപ്പിച്ചത്. ഇപ്പോള്‍ ഇതാ വയര്‍ലെസ് ഇയര്‍ബഡ്സ് റിയല്‍മീ എയര്‍പോഡിന്‍റെ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നു. ഡിസംബര്‍ 17നാണ്  റിയല്‍മീ XT 730 ജിക്കൊപ്പം ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്. അതിനിടെയാണ് റിയല്‍മീ സിഇഒ മാധവ് സേത്തും, സിഎംഒ ഫ്രാന്‍സിസ് വാങ്ങും  ഇതിന്‍റെ ചില ചിത്രങ്ങള്‍ പുറത്ത് വിട്ടത്. മഞ്ഞ, വെള്ള, കറുപ്പ് നിറങ്ങളിലാണ് റിയല്‍മീ എയര്‍പോഡ് എത്തുന്നത്.

എന്തായാലും എയര്‍പോഡിന്‍റെ മറ്റ് വിവരങ്ങള്‍ റിയല്‍മീ പുറത്തുവിട്ടിട്ടില്ല. ആപ്പിള്‍ എയര്‍പോഡിന് സമാനമായ ഒരു ഡിസൈനാണ് ഈ ഇയര്‍ബഡ്സിന് ഒറ്റനോട്ടത്തില്‍ എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. പ്ലേബാക്ക്, ശബ്ദനിയന്ത്രണം എന്നിവയ്ക്ക്  ടച്ച് സെന്‍സറ്റീവ് കണ്‍ട്രോള്‍ സംവിധാനം ഇതിന് ലഭിക്കും. 

ഇതിനൊപ്പം ഗൂഗിള്‍ അസിസ്റ്റന്‍റ് സപ്പോര്‍ട്ട് ഈ എയര്‍പോഡിന് ഉണ്ടാകും. മികച്ച ബാറ്ററി ലൈഫായിരിക്കും ഈ എയര്‍പോഡിന് എന്നാണ് സൂചന. ആപ്പിള്‍ എയര്‍പോഡിന് ഇന്ത്യയില്‍ 10000ത്തില്‍ കൂടുതലാണ് വിലയെങ്കില്‍ അതിനെക്കാള്‍ ഏറെക്കുറവായിരിക്കും റിയല്‍മീ എയര്‍പോഡിന് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. 

റിയല്‍മീ റിയല്‍മീ XT 730 ജിക്കൊപ്പമാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത് എന്ന് സൂചിപ്പിച്ചു. ഇത് റിയല്‍മീ XTയുടെ അപ്ഡേറ്റഡ് പതിപ്പ് സ്മാര്‍ട്ട്ഫോണാണ്. നേരത്തെ റിയല്‍മീ XT യില്‍ സ്നാപ്ഡ്രാഗണ്‍ 712 ആണ് ഉപയോഗിച്ചിരുന്ന ചിപ്പ് എങ്കില്‍ പുതിയ XT 730ജിയില്‍ ഇത് സ്നാപ്ഡ്രാഗണ്‍ 730 ജി ചിപ്പ് സെറ്റാണ്.