നിന്നു കത്തി ആമസോണ്‍; വെന്തുരുകി ജീവജാലങ്ങള്‍

First Published 22, Aug 2019, 3:53 PM IST


സാവോ പോളോ നഗരവാസികള്‍ ഒരു നാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ സൂര്യനെ കാണാനില്ല. പകരം ഒരു തരം മൂടല്‍ മാത്രം. കാര്യമന്വേഷിച്ചവര്‍ അന്തം വിട്ടു. കാരണം സാവോ പോളോയില്‍ നിന്ന്  3,200 കിലോമീറ്റര്‍ അകലെയുള്ള ആമസോണസ് സംസ്ഥാനത്തെ കാട് മൂന്നാഴ്ചയായി കത്തിക്കൊണ്ടിരിക്കുകയാണ്. ആ കാട്ടു തീ ഉയര്‍ത്തിവിട്ട പുക മൂലമാണ് സൂര്യനെ പകല്‍ കാണാതായത്. ഇത് തമാശയോ ട്രോളോ അല്ല. കഴിഞ്ഞ ദിവസം തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ സംഭവിച്ചതാണ്. ലോകത്തെ ഏറ്റവും വിശിഷ്ടമെന്ന് കണ്ണുമടച്ച് പറയാവുന്ന കാടാണ് ആമസോണ്‍ കാടുകള്‍. മൂന്നാഴ്ചയായി ആ കാടുകള്‍ നിന്ന് കത്തുകയാണ്. തീയിട്ടതാണോ ? കാട്ടുതീയാണോ ? രണ്ടായാലും അതിന്‍റെ ദുരന്തവ്യാപ്തിയെന്തെന്ന് ഇനിയും തിട്ടമില്ല. 

 

ഏതായാലും കാട്ടു തീ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ബ്രസീലിയന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് 2018 -നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് കാട്ടുതീയുണ്ടാകുന്നതില്‍ ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു. 2013 -നു ശേഷം ഉണ്ടായ റെക്കോര്‍ഡ് തീപിടുത്തമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

 

ആഗസ്ത് 15 മുതല്‍ മാത്രം (ഒരാഴ്ചയ്ക്കുള്ളില്‍) 9,500 -ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. അതായത് ലോകത്തിനായി 20 ശതമാനം ഓക്സിജന്‍ ഉത്പാദിപ്പിച്ചിരുന്ന കാട് ഇപ്പോള്‍ പുറം തള്ളുന്നത് കടുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്.  ആഗോളതാപനം കാട്ടുതീയടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍, മനുഷ്യര്‍ കൃഷിയാവശ്യങ്ങള്‍ക്കും മറ്റുമായി തീയിടുന്നതടക്കമുള്ള കാര്യങ്ങളും ഈ കാട്ടുതീയുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പറയുന്നത്. വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കി ആഴ്ചകള്‍ കഴിയുന്നതിന് മുമ്പാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. തദ്ദേശീയരായ നാന്നൂറോളം ആദിമഗോത്രങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ആമസോണ്‍ കാടുകള്‍. കാണാം ആ ദുരന്തകാഴ്ചകള്‍.

loader