ബിയാന്‍ക ആന്‍ഡ്രിസ്ക്യുവ്; യുഎസ് ഓപ്പണിന്‍റെ രാജകുമാരി

First Published 9, Sep 2019, 11:40 AM IST

യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവിന് അട്ടിമറി വിജയം. 38 കാരിയായ സെറീനയെ കാനേഡിയന്‍ പുതുതാരവും കൗമാരക്കാരിയുമായ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവ് അക്ഷരാര്‍ത്ഥത്തില്‍ അടിയറവ് പറയിക്കുകയായിരുന്നു. ഫൈനലിൽ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാൻക, തന്‍റെ ആദ്യ ഗ്രാൻഡ്‍സ്ലാം കിരീടം നേടിയത്. സ്കോർ 6-3,7-5. യുഎസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ഈ പത്തൊൻപതുകാരി. കഴിഞ്ഞ മാസം റോജേഴ്സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാൻക കിരീടം നേടിയിരുന്നു. ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്‍റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍ക ഇതാദ്യമായാണ് യു.എസ് ഓപ്പണിന്‍റെ മെയിന്‍ ഡ്രോയില്‍ ഇടംപിടുക്കുന്നത്. മരിയാ ഷറപ്പോവയ്ക്ക് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ കൗമാരക്കാരിയാണ് ബിയാന്‍ക ആന്‍ഡ്രിസ്ക്യു. അതും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. 

വിജയത്തിന് ശേഷമുള്ള ബിയാന്‍കയുടെ ആദ്യ പ്രതികരണം ഇങ്ങനെ "ഈ വര്‍ഷം ഇതൊരു സ്വപ്‌നസാക്ഷാത്കാരമാണ് " എന്നായിരുന്നു.  തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്‍റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരില്‍ വീഴ്ത്തിയത്. 38-ാം ജന്മദിനത്തിന് ദിവസങ്ങൾ അകലെ നില്‍ക്കുന്ന സെറീനക്ക്, 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടങ്ങളൊന്നും നേടാനായിട്ടില്ല.  ഏറ്റവും കൂടുതല്‍ ഗ്രാൻഡ്‍സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ (24) സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം. സെറീന 1999 ല്‍ തന്‍റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമായ യുഎസ് ഓപ്പണ്‍ നേടുമ്പോള്‍ ബിയാന്‍ക ആന്‍ഡ്രിസ്ക്യു ജനിച്ചിട്ട് പോലുമില്ലായിരുന്നു. 

ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെമിയിൽ തോൽപ്പിച്ചാണ് അമേരിക്കൻ താരമായ സെറീന ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ: 6-3, 6-1. സെമിയിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെ തോൽപ്പിച്ചാണ് ബിയാന്‍ക ആന്‍ഡ്രിസ്ക്യു യുഎസ് ഓപ്പണിലെ തന്‍റെ ആദ്യ ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 7-6, 7-5. 

 

loader