അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് ഫ്രാന്‍സ്; അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും
അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേര് താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു. ഏഷ്യ, ആഫ്രിക്കന്‍ വന്‍കരകളിലെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ഇന്നും ഫ്രാന്‍സിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ഫ്ലൈ ഓവറുകള്‍ക്ക് താഴെയും റെയില്‍വേ സ്റ്റേഷനുകളിലും കനാലുകളുടെ വശങ്ങളിലും സ്റ്റേഡിയങ്ങള്‍ക്ക് സമീപത്തുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഇന്ന് ഫ്രാന്‍സിലുള്ളത്. കൊവിഡ് 19 രോഗാണുവിന്റെ വ്യാപനം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയിലും മാസ്കോ, സാമൂഹിക അകലമോ ഇല്ലാതെയാണ് കുടിയേറ്റക്കാര്‍ കഴിഞ്ഞിരുന്നത്. അഭയാര്‍ത്ഥികളുടെ ഈ ദുരവസ്ഥയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചില നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഫ്രാന്‍സിന്റെ തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച് ഫ്രാന്‍സില്‍ അഭയാര്‍ത്ഥികളും സ്റ്റേറ്റും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതോടെയാണ് അഭയാര്‍ത്ഥികള്‍ക്ക് ഒരു സ്ഥിരം താമസസൌകര്യമെന്ന നയത്തിലേക്ക് ഫ്രാന്‍സ് കടന്നത്.
വിവിധ പൊലീസ് വകുപ്പകള്‍ ഒഴിപ്പിക്കലിന് എത്തിച്ചേര്‍ന്നിരുന്നു. പ്രാദേശിക സമയം രാവിലെ 6 മണിക്ക് തന്നെ അനധികൃത ക്യാമ്പുകളൊഴിപ്പിക്കാന്‍ പൊലീസ് സംഘം എത്തിച്ചേര്‍ന്നു.
അഭയാര്‍ത്ഥികളെ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ ഫ്രാന്‍സിലെ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാര്‍ത്ഥി ക്യാമ്പില്‍ മാത്രം ഏതാണ്ട് 2,000 ത്തോളം അഭയാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.
ഇവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. പൊലീസ് നടപടി തുടങ്ങിയപ്പോള്‍ തന്നെ അഭയാര്‍ത്ഥികളെ കൊണ്ട് പോകാനായി നിരവധി ബസ്സുകളെത്തിയിരുന്നു.
ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ പൊലീസും അഭയാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കനാലുകളുടെ വശങ്ങളിലും പാലങ്ങള്‍ക്കും മെട്രോകള്‍ക്കുമടിയിലും തെരുവുകളിലുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഫ്രാന്‍സിലുള്ളത്.
അഭയാര്‍ത്ഥികളില്‍ ഏറിയ പങ്കും അഫ്ഗാന്, സോമാലിയ തുടങ്ങിയ ആഭ്യന്തരയുദ്ധം രൂക്ഷമായ ഏഷ്യന്‍, ആഫ്രിക്കന്‍ വന്‍കരകളിലെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
തെരുവുകളില്‍ നിന്ന് ഒഴിപ്പിച്ച അഭയാര്‍ത്ഥികളെ ഒഴിഞ്ഞ ജിമ്മുകളിലേക്കും സ്റ്റേഡിയങ്ങളിലും തയ്യാറാക്കിയ താല്‍ക്കാലിക കൂടാരങ്ങളിലേക്കാണ് കൊണ്ടുപോയത്.
70 ബസ്സുകളിലായി 26 താത്കാലിക കേന്ദ്രങ്ങളിലേക്കാണ് അഭയാര്‍ത്ഥികളെ മാറ്റിയതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു.
ഫ്രാന്‍സിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോര്‍ഡേഴ്സ് എന്ന എന്‍ജിഒ നടത്തിയ കൊവിഡ് പരിശോധയില്‍ 23 മുതല്‍ 62 ശതമാനം വരെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ഫ്രാന്‍സ് 24 എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രഞ്ച് പൊലീസിന്റെ നടപടിയെ ആഭ്യന്തരമന്ത്രി ജെറാർഡ് ഡാർമാനിൻ അഭിനന്ദിച്ചു. നടപടികൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുനെന്നു അദ്ദേഹം പറഞ്ഞു.
എന്നാല്‍, പാരീസിലെ സോഷ്യലിസ്റ്റ് മേയർ ആൻ ഹിഡാൽഗോ, നഗരത്തിലെ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്നതില്‍ മാക്രോൺ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചു.
കുടിയേറ്റക്കാരെ തെരുവില്‍ നിന്ന് ഒഴിപ്പിക്കുന്ന നടപടി ഇമാനുവല്‍ മക്രോണ്‍ സര്‍ക്കാറിന്റെ കുടിയേറ്റ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സര്‍ക്കാറിന് അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ പദ്ധതികളില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
കുടിയേറ്റ ക്യാമ്പ് പൊളിക്കുന്നതിനെ മനുഷ്യാവകാശ സംഘടനകളും എതിര്‍ത്തു. അഭയാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത ഏറ്റവും വിനാശകരമായ ഒന്നാണെന്നായിരുന്നു മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടത്.
ഫ്രാൻസ് ടെറെ അസിലി എന്ന എന്‍ജിഒയുടെ കണക്കനുസരിച്ച് സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്ത് മാത്രം 2,400 ഓളം കുടിയേറ്റക്കാര്‍ താമസിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഈ അനധികൃത കുടിയേറ്റ ക്യാമ്പ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
പൊതുസ്ഥലങ്ങളിലെ ഇത്തരം ക്യാമ്പുകൾ സ്വീകാര്യമല്ലെന്നായിരുന്നു പാരീസ് പൊലീസ് പ്രിഫെക്റ്റ് ഡിഡിയർ ലാലെമെന്റ് പത്രസമ്മേളനത്തിൽ പറഞ്ഞത്. "അംഗീകൃത കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ താമസമൊരുക്കും അല്ലാത്തവര്‍ ഫ്രാന്‍സില്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.