നിറങ്ങളിൽ നിറഞ്ഞ് തലസ്ഥാനം ; ഓണം വാരാഘോഷത്തിന് സമാപനം

First Published 16, Sep 2019, 9:06 PM IST

കഴിഞ്ഞ ഏഴ് ദിവസമായി തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാഘോഷങ്ങള്‍ക്ക് സമാപനം. തിരുവനന്തപുരം നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്രയോട് കൂടിയാണ് ഔദ്യോഗീകാഘോഷങ്ങള്‍ക്ക് സമാപനമായത്. വൈകിട്ട് 5 മണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഘാന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്‍റെ ഐക്യത്തിന്‍റെയും കൂട്ടായ്മയുടേയും സന്ദേശമാണ് വര്‍ണശബളമായ സമാപന ഘോഷയാത്രയില്‍ പ്രതിഫലിച്ചത്. പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കലാരൂപങ്ങളും  കലാകാരന്‍മാരും ഘോഷയാത്രയില്‍ അണിനിരന്നു. 

രാജസ്ഥാനില്‍ നിന്നുള്ള ചക്രി നൃത്തം, മണിപ്പൂരില്‍ നിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്‍റെ ബംഗ്ര നൃത്തം, മഴ ദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കര്‍ണാടകയിലെ ഡോല്‍ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്‍റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങള്‍ക്കൊപ്പം തിരുവനന്തപുരം നഗരത്തില്‍ കലാവിരുന്നൊരുക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ഏഡിറ്റര്‍ സജീഷ് അറവാങ്കര പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

loader