ജപ്പാനില്‍ പകര്‍ച്ചപനിയെ നേരിടാന്‍ ഉപയോഗിക്കുന്ന ഒരിനം മരുന്ന് കൊറോണയെ നേരിടാന്‍ ഫലപ്രദമാണെന്ന വാദവുമായി ചൈന. ചൈനയിലെ ശാസ്ത്ര സങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഷാങ് സിന്‍മിന്‍ എന്ന ഉദ്യോഗസ്ഥന്‍റേതാണ് വാദം. ഫ്യൂജിഫിലിം നിര്‍മ്മിക്കുന്ന പകര്‍ച്ചപ്പനിയുടെ മരുന്നിനാണ് കൊറോണ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാന്‍ അനുയോജ്യമെന്നാണ് വാദം. വുഹാന്‍, ഷെന്‍സെന്‍ എന്നിവിടങ്ങളില്‍ 340 രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ച ശേഷമാണ് വെളിപ്പെടുത്തലെന്നാണ് അവകാശവാദം.

ആന്‍റിവൈറല്‍ അംശമുള്ള ഫാവിപിരാവിര്‍ എന്ന മരുന്നാണ് കൊറോയെ നേരിടാന്‍ സഹായിക്കുന്നതെന്നാണ് വാദം. ആര്‍എന്‍എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നിരവധി വൈറസുകള്‍ക്കെതിരെ ആ മരുന്ന് ഇതിന് മുന്‍പ് ഉപയോഗിച്ചിട്ടുണ്ട്. 2014ല്‍ പശ്ചിമ ആഫ്രിക്കയില്‍ എബോള വൈറസ് പടര്‍ന്ന സമയത്ത് ഈ മരുന്ന് ഉപയോഗിച്ചിരുന്നു. എബോള ബാധിച്ചവരുടെ മരണനിരക്ക് കുറയാന്‍ മരുന്ന് സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഫാവിപിരാവിര്‍ കൊറോണ വൈറസ് ബാധിതരില്‍ ഉപയോഗിച്ചത്. ഈ മരുന്നിന് കൊറോണ വൈറസ് രോഗികളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ഷാങ് സിന്‍മിന്‍  ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്. കൊവിഡ് 19 പോസിറ്റീവ് ആയ രോഗികളെ മറ്റ് മരുന്നുകളെ അപേക്ഷിച്ച് വൈറസ് ബാധ കുറച്ച് നെഗറ്റീവ് ആക്കാന്‍ മരുന്ന് സഹായിച്ചിട്ടുണ്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നതായി ദി ഗാര്‍ഡിയന്‍ അവകാശപ്പെടുന്നു. 

ഇത് കൂടാതെ ഇവരുടെ ശ്വാസകോശത്തിലെ അണുബാധയില്‍ മറ്റ് മരുന്ന് കഴിച്ചവരേക്കാള്‍ 91 ശതമാനത്തോളം കുറവ് കണ്ടെന്നുമാണ് വാദം. മറ്റ് മരുന്നുകള്‍ ഉപയോഗിച്ച ശേഷമുള്ള എക്സ് റേ പരിശോധനയില്‍ ശ്വാസകോശത്തിലെ അണുബാധ കണ്ടെത്താന്‍ സാധിച്ചത് വെറും 62 ശതമാനം ആഴുകളിലാണ്. എന്നാല്‍ ഈ മരുന്ന് നിര്‍മാതാക്കളായ ഫ്യൂജിഫിലിം ഈ അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാങ് സിന്‍മിന്‍റെ അവകാശവാദത്തിന് പിന്നാലെ ഫ്യൂജിഫിലിം ടൊയോമ കെമിക്കലിന്‍റെ വിപണിയിലെ ഓഹരിമൂല്യങ്ങളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. 

ലഘുവായ രീതിയില്‍ കൊറോണ ബാധയുമായി എത്തുന്നവരില്‍ ഈ മരുന്ന് തന്നെയാണ് പ്രയോഗിക്കുന്നതെന്നാണ് വിവരം. ഇത് വൈറസ് മനുഷ്യ ശരീരത്തിലെ വ്യാപനത്തില്‍ കാര്യമായ രീതിയില്‍ കുറവ് വരുത്തുമെന്നാണ് നിരീക്ഷണം. എന്നാല്‍ ഗുരുതര ലക്ഷണങ്ങളുമായി എത്തുന്നവരില്‍  ഈ മരുന്ന് അത്രകണ്ട് പ്രാവര്‍ത്തികമല്ലെന്നാണ് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.