മുഖക്കുരു മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. പലതരത്തിലുള്ള ക്രീമുകൾ പുരട്ടിയും പിംപിൾ ട്രീറ്റ്മെന്റ് ചെയ്തുമൊക്കെയാണ് മുഖക്കുരു ഒരു പരിധി വരെ കുറയ്ക്കുന്നത്. മുഖക്കുരു മാറാൻ ചിലർ മരുന്നുകൾ കഴിക്കാറുണ്ട്. അത്തരം മരുന്നുകൾ ഹൃദ്രോഗത്തില്‍ നിന്നു സംരക്ഷിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. കേംബ്രിജിലെ ഒരു സംഘം ഗവേഷകര്‍ minocycline എന്ന മരുന്നു പരീക്ഷണം മനുഷ്യരിൽ നടത്താനുള്ള ഒരുക്കത്തിലുമാണ്. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ധമനികളുടെ കേടുപാടുകൾ പരിഹരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ​ഗവേഷകനായ ഡോ. ഇവാൻസ് പറഞ്ഞു. 

മരുന്നുപരീക്ഷണം ഏതാനും മാസങ്ങള്‍ക്കുള്ളിൽ കേംബ്രിജിലെ ആഡൻബ്രൂക്സ് ആശുപത്രിയിൽ നടത്താനുള്ള തയാറെടുപ്പിലാണ് ഗവേഷകർ. ലോകമെമ്പാടുമുള്ള ഹൃദ്രോഗികളുടെ വർധനവ് കണക്കിലെടുക്കുമ്പോൾ, സെക്കൻഡറി സ്ട്രോക്കുകൾ  ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ അടിയന്തരമായി കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് സ്ട്രോക്ക് അസോസിയേഷൻ പറഞ്ഞു.