Asianet News MalayalamAsianet News Malayalam

'കൊറോണ'യ്ക്ക് ശേഷം ചൈനയില്‍ പുതിയ വൈറസ്; ഒരു മരണം...

പ്രധാനമായും 'ഹാന്റ വൈറസ് പള്‍മണറി സിന്‍ഡ്രോം' (എച്ച്പിഎസ്), 'ഹെമറേജിക് ഫീവര്‍ വിത്ത് റീനല്‍ സിന്‍ഡ്രോം' (എച്ച്എഫ്ആര്‍എസ്) എന്നീ രോഗങ്ങളിലേക്കാണ് ഹാന്റ വൈറസ് മനുഷ്യരെയെത്തിക്കുന്നത്. ഇതില്‍ എച്ച്പിഎസ് ശ്വാസകോശത്തെയാണ് ബാധിക്കുക. എച്ച്എഫ്ആര്‍എസ് ആണെങ്കില്‍ പ്രധാനമായും വൃക്കയെ ആണ് ബാധിക്കുക. എന്നാല്‍ ഹൃദയം, ശ്വാസകോശം എന്നീ സുപ്രധാന ആന്തരീകാവയവങ്ങളുടെ കാര്യത്തിലും ഇത് വെല്ലുവിളികളുയര്‍ത്തുന്നുണ്ട്

after coronavirus outbreak one death reported due to hantavirus in china
Author
China, First Published Mar 24, 2020, 6:53 PM IST

ലോകത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് ചൈനയില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ഇപ്പോള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. നാല് ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ ആഗോളതലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴായിരം പേര്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെ 196 രാജ്യങ്ങള്‍ 'കൊറോണ'യ്‌ക്കെതിരായ പോരാട്ടത്തിലാണ്. 

ഇതിനിടെയാണ് വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് ചൈനയില്‍ നിന്ന് പുതിയൊരു വാര്‍ത്തയെത്തുന്നത്. 'ഹാന്റ വൈറസ്' എന്ന പേരിലുള്ള വൈറസ് ബാധ ചൈനയില്‍ സ്ഥിരീകരിച്ചുവെന്നും ഹുനാനില്‍ ഇത് മൂലം ഒരാള്‍ മരിച്ചുവെന്നുമാണ് വാര്‍ത്ത. 

എലികളിലൂടെ മനുഷ്യരിലേക്കെത്തുന്ന വൈറസാണ് ഹാന്റ വൈറസെന്നാണ് 'സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) വ്യക്തമാക്കുന്നത്. എലികളുടെ മൂത്രം, തുപ്പല്‍, മലം എന്നിവയുമായി സമ്പര്‍ക്കത്തിലാകുന്നതോടെയാണത്രേ ഹാന്റ വൈറസ് മനുഷ്യരിലേക്കെത്തുക. തുടര്‍ന്ന് ഇത് വിവിധ രോഗങ്ങളിലേക്ക് മനുഷ്യനെ നയിക്കും. 

പ്രധാനമായും 'ഹാന്റ വൈറസ് പള്‍മണറി സിന്‍ഡ്രോം' (എച്ച്പിഎസ്), 'ഹെമറേജിക് ഫീവര്‍ വിത്ത് റീനല്‍ സിന്‍ഡ്രോം' (എച്ച്എഫ്ആര്‍എസ്) എന്നീ രോഗങ്ങളിലേക്കാണ് ഹാന്റ വൈറസ് മനുഷ്യരെയെത്തിക്കുന്നത്. ഇതില്‍ എച്ച്പിഎസ് ശ്വാസകോശത്തെയാണ് ബാധിക്കുക. എച്ച്എഫ്ആര്‍എസ് ആണെങ്കില്‍ പ്രധാനമായും വൃക്കയെ ആണ് ബാധിക്കുക. എന്നാല്‍ ഹൃദയം, ശ്വാസകോശം എന്നീ സുപ്രധാന ആന്തരീകാവയവങ്ങളുടെ കാര്യത്തിലും ഇത് വെല്ലുവിളികളുയര്‍ത്തുന്നുണ്ട്. 

ഹുനാനില്‍ ഹാന്റ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചയാള്‍ പബ്ലിക് ബസില്‍ യാത്ര ചെയ്യവേയാണ് അവശനിലയിലായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ ആ ബസില്‍ യാത്ര ചെയ്ത മുപ്പതിലധികം യാത്രക്കാരെ ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട് എന്നാണ് വിവരം. ഹാന്റ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍ പടര്‍ന്നുപിടിക്കില്ലെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അപൂര്‍വ്വാവസരങ്ങളില്‍ അങ്ങനെ സംഭവിക്കുകയും ചെയ്‌തേക്കാം.

Follow Us:
Download App:
  • android
  • ios