അമേരിക്ക ഒരു വികസിത രാജ്യമാണല്ലോ. അപ്പോൾ സ്വാഭാവികമായും അവിടെ നിന്ന് നമ്മൾ പ്രതീക്ഷിക്കുക പരിചരണ മികവിന്റെ ഉദാത്ത മാതൃകകളെപ്പറ്റിയുള്ള അനുഭവ സാക്ഷ്യങ്ങളാകും. എന്നാൽ, അമേരിക്കയിൽ നിരവധിപേർക്ക് കൊറോണാവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതുകൊണ്ട്, സ്ഥിരീകരിച്ചതിനെ എത്രയോ ഇരട്ടിപ്പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതുകൊണ്ട് വേണ്ടത്ര പരിചരണം കിട്ടാതെ ഉഴലുകയാണ് പലരും. അത്തരത്തിൽ ഒരു ദുരനുഭവംസാക്ഷ്യമാണ് ബ്രാഡ്‌ലി സിഫെർ എന്ന ഒരു പ്രോഡക്റ്റ് ഡിസൈനർ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. 

ബ്രാഡ്ലിയുടെ വാക്കുകളിലേക്ക്, 

" കഴിഞ്ഞയാഴ്ച ഞാൻ കൊവിഡ് 19, ന്യൂമോണിയ എന്നിവയുമായി മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ ഇന്നുവരെ ഇങ്ങനെ ഒരു രോഗപീഡ ഞാൻ അനുഭവിച്ചിട്ടില്ല. " ചെറുപ്പക്കാർ പേടിക്കേണ്ടതില്ല, നേരിയ ലക്ഷണങ്ങൾ വന്നങ്ങു പോകും..." എന്നാണ് പലരും പറഞ്ഞത് കേട്ട് ഞാനും വിശ്വസിച്ചിരുന്നത്. അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു. അതങ്ങനെ അല്ല. 

കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാൻ അനുഭവിച്ച നരകയാതനകളെപ്പറ്റി, ഐസിയുവിനകത്ത് കിടക്കുക എന്ന അനുഭവം എന്താണ് എന്നതിനെപ്പറ്റി ഒന്ന് തുറന്നെഴുതണം എന്ന് ഞാൻ കരുതി. അതിനാണ് ഈ ട്വീറ്റുകൾ.

പത്തുദിവസം മുമ്പായിരുന്നു എല്ലാറ്റിന്റെയും തുടക്കം. എനിക്ക് എന്തോ നല്ല ക്ഷീണം തോന്നി. പതിവില്ലാത്ത ക്ഷീണം. എഴുന്നേറ്റിരിക്കാൻ വയ്യ. അതിശക്തമായ തലവേദന. സ്ഥിരം കഴിക്കുന്ന ഇബ്രൂപ്രോഫെൻ ഒരെണ്ണം എടുത്തു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും പനിയായി, വല്ലാത്ത ശ്വാസം മുട്ടായി. അടുത്ത ദിവസത്തേക്ക് നെഞ്ചിൽ നല്ല വേദന. പതുക്കെ വേദന എന്റെ ഹൃദയത്തിന്റെ താഴേക്കിറങ്ങി. സംസാരിക്കാൻ വല്ലാത്ത പ്രയാസം തോന്നി. എന്തെങ്കിലും രണ്ട് വാക്ക് പറയുമ്പോഴേക്കും വല്ലാത്ത ക്ഷീണം പോലെ വരാൻ തുടങ്ങി. 

പുറത്തിറങ്ങിയതേയില്ല ഞാൻ വീട്ടിൽ നിന്ന്. മൂടിപ്പുതച്ചു കിടന്നു. എന്റെ ഫാമിലി ഡോക്ടറെ പലവട്ടം വിളിച്ചു നോക്കി. ഇവിടെ  കൊവിഡ് 19 ബാധ ഇവിടെ സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാൽ അവർ എന്നോട് ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ വിളിച്ച് സഹായം തേടാൻ പറഞ്ഞു. അവരെ ഞാൻ വിളിച്ചു, ഒന്നല്ല, നാലുവട്ടം. അവസാനം ഫോണെടുത്ത ഒരു മാന്യൻ എന്നോട് ദേഷ്യപ്പെട്ടു, "ഇവിടെ ടെസ്റ്റ് കിറ്റുകൾ ഒക്കെ തീർന്നു, ഇനി വിളിക്കരുത്" എന്നാണയാൾ ഒച്ചയിട്ടുകൊണ്ട് പറഞ്ഞത്.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ അവർ തിരികെ വിളിച്ചു. ആരോഗ്യവകുപ്പിൽ നിന്നുതന്നെ വേറെ ആരോ ആണ് വിളിച്ചത്. ഒരു സ്ത്രീ. അവർ എന്നോട് എന്റെ രോഗലക്ഷണങ്ങളെപ്പറ്റി വിശദമായി ചോദിച്ചു മനസ്സിലാക്കി. തല്ക്കാലം 'അണ്ടർ ഇൻവെസ്റ്റിഗേഷൻ' സ്റ്റേജാണ്, തളരരുത്, പൊരുതണം എന്നവർ ഫോണിൽ പറഞ്ഞു. എന്റെ ലക്ഷണങ്ങൾ കൂടിക്കൂടി വന്നു. പണി കൂടിവന്നു. ഒടുവിൽ രാത്രി ഞാൻ എമർജൻസി റെസ്പോൺസിന്റെ സഹായം തേടി അവരെ വിളിച്ചു. 

അവർ എന്നെ പരിഗണിക്കാൻ വിസമ്മതിച്ചു. കൊവിഡ് 19 -നെ പരിചരിക്കാൻ അവർക്ക് നിർദേശമില്ലെന്ന് അവർ പറഞ്ഞു. രാവിലെയായപ്പോഴേക്കും എന്റെ പനി 104  ഡിഗ്രിയായി. എനിക്ക് തല ചുറ്റുന്നതുപോലെ തോന്നാൻ തുടങ്ങി. എന്തൊക്കെയോ ഒച്ചകൾ കേൾക്കുന്നതുപോലെ തലക്കുള്ളിൽ. എന്തൊക്കെയോ കാഴ്ചകൾ കാണുന്നതുപോലെ... സ്വപ്നമാണോ കണ്ണിൽ കാണുന്നതാണോ എന്ന് മനസ്സിലാകാത്ത അവസ്ഥ.

 

 

എന്റെ പ്രതീക്ഷകൾ കെട്ടുതുടങ്ങി. ആകെ നിസ്സഹായനായ പോലെ. ഉച്ചക്കെപ്പോഴോ ഡോക്ടറെ വിളിച്ചിരുന്നു ഞാൻ. അതോ, അങ്ങനെ തോന്നിയതോ... ഉച്ചയ്‌ക്കുശേഷമുള്ള ഓർമ്മകളൊക്കെ ആകെ കലക്കമുള്ളതാണ്. പിന്നീട് നടന്നതൊക്കെ ഞാനറിയുന്നത് അവർ പറഞ്ഞിട്ടാണ്. 

പാതിബോധത്തിൽ ഞാൻ എന്റെ കാർ ഡ്രൈവ് ചെയ്ത ആശുപത്രിയിലേക്ക് പോയത്രേ. കാറിൽ നിന്നിറങ്ങിയപാടെ ബോധം കെട്ടു വീണു ഞാനെന്നും അവർ പറയുന്നുണ്ട്. പാർക്കിങ് ലോട്ടിൽ ഞാൻ കുഴഞ്ഞുവീഴുന്നത് കണ്ട ആരോ ആണ് ആശുപത്രി അധികൃതരെ അറിയിക്കുന്നത്. വീൽ ചെയറിൽ ഇരുത്തി ഐസിയുവിലേക്ക് ഉരുട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് ഞാനൊരിക്കൽ കണ്ണുതുറന്നത്. ഒന്നോ രണ്ടോ നിമിഷത്തിനുള്ളിൽ, വീണ്ടും ബോധം മറഞ്ഞു. എവിടെയാണ് എന്നറിയാതെ ഒരിക്കൽ എഴുന്നേറ്റത് ഞാനോർക്കുന്നു.   

ചത്തുപോയി എന്ന് തന്നെയാണ് ഞാൻ കരുതിയത്...! 

അതിനിടയിൽ എപ്പോഴോ ഉറക്കത്തിൽ ആകെ ഒരു പാനിക് അറ്റാക്ക് പോലെ വന്നു. വീർപ്പുമുട്ടുന്നു. ശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ ഞെട്ടി ഉണർന്നപ്പോഴാണ് ഞാൻ മരിച്ചിട്ടില്ല എന്ന സത്യം ബോധ്യപ്പെടുന്നത്. അവർ എനിക്ക് ഓക്സിജൻ ട്യൂബ് ഇട്ടുതന്നു. ഡ്രിപ്പിട്ട് ഐവി കയറ്റി. ആന്റിബയോട്ടിക്സ് തന്നു. കൊവിഡ് 19 ടെസ്റ്റും നടത്തിക്കാണണം. തൊണ്ടയിൽ നിന്ന് മൂന്നു കോട്ടൺ സ്വാബുകൾ, കഫം, ബ്ലഡ് സാമ്പിളുകൾ, ഒരു ഇകെജിയും. പിന്നെ ആറുമണിക്കൂർ നേരം കാത്തിരിപ്പ്. 

എനിക്ക് കൊറോണാ വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. കൂട്ടത്തിൽ ന്യൂമോണിയയും ഉണ്ടായിരുന്നു. അതിനുള്ള ആന്റിബയോട്ടിക്കുകൾ വേറെയും തന്നുകൊണ്ടിരുന്നു ഡോക്ടർമാർ. ഞാൻ സുഖം പ്രാപിച്ചു വരുന്നു. എന്റെ കാമുകിയെ കണ്ടിട്ട് ആഴ്ചകളായി. അവളെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു. 

 

 

വല്ലാത്ത ഏകാന്തതയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം വല്ലാത്ത അമർഷവും തോന്നുന്നുണ്ട്. രോഗം ഉണ്ടായിരുന്നിട്ടും, എനിക്ക് വേണ്ട വൈദ്യസഹായം കിട്ടാൻ ഇത്ര താമസിച്ചു പോയത് എന്തുകൊണ്ടായിരുന്നു? ഞാൻ പ്രായത്തിൽ മുതിർന്ന ഒരാളായിരുന്നു എങ്കിലോ? ഇത്രക്ക് പ്രതിരോധ ശേഷി ഇല്ലാത്ത ഒരാളായിരുന്നു എങ്കിലോ? 

ഈ രാജ്യത്തെ ഗവൺമെന്റ് എന്നെ വഞ്ചിച്ചിരിക്കുന്നു. എനിക്ക് ജീവനോടെ എല്ലാറ്റിനെയും അതിജീവിക്കാനും നിങ്ങളോടിതൊക്കെ പറയാനും സാധിച്ചു. മറ്റുപലർക്കും അതിന് കഴിഞ്ഞില്ല. ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വാചകമടിക്കലല്ല, പ്രവൃത്തികളാണ് ഉണ്ടാവേണ്ടത്. വേണ്ട എല്ലാ നടപടികളും സ്വീകരിക്കൂ... ദയവായി ഈ രാജ്യത്തിലെ ജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കൂ. 

ഗവൺമെന്റ് അതിനു തയ്യാറായില്ല എങ്കിൽ, നമ്മളെങ്കിലും അത് ചെയ്യേണ്ടതുണ്ട്. നമുക്ക് പുറത്തിറങ്ങി രോഗം പറത്തിരിക്കാം. വീട്ടിൽ തന്നെ ക്വാറന്റൈനിൽ തുടരാം. നിങ്ങളുടെ അജ്ഞത കൊണ്ട് മാത്രം മരണത്തെ വിളിച്ചു വരുത്തിക്കൂടാ. നമ്മൾ അതിജീവിക്കണം, നമുക്ക് അതിനു കഴിയും, തീർച്ച...! "