നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍ നിന്നും പുറന്തള്ളി, ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍. 

ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ നീക്കുകയാണ് അവയുടെ പ്രഥമമായ കര്‍ത്തവ്യം, കൂടാതെ, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ശരീരത്തിലെ ദ്രാവകാംശത്തിന്റെയും ഇലക്‌ട്രോലൈറ്റുകളുടെയും അളവ് നിയന്ത്രിക്കുക എന്നീ നിര്‍ണായകങ്ങളായ ജോലികളും നിര്‍വഹിക്കുന്നത് വൃക്കകളാണ്. 

വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. വൃക്കതകരാറിലാണെന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ഒന്ന്...

രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

രണ്ട്...

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

മൂന്ന്...

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. 

നാല്...

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.