Asianet News MalayalamAsianet News Malayalam

കൊവിഡ് 19; കേരളത്തിൽ റിവേഴ്സ് ഐസൊലേഷൻ ആവശ്യം വരുമോ ?

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നിരവധി ആളുകളെയാണ് ക്വാറന്‍റൈന്‍  ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ആളുകളുടെ സംശങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇന്‍ഫോ ക്ലിനിക്കിന്‍റേ ഫേസ്ബുക്ക് പേജിലൂടെ ഡോ. ജിനേഷ് പി എസ്, ഡോ. നവ്യാ തൈക്കാട്ടില്‍, ഡോ. മനോജ് വെള്ളനാട് എന്നിവര്‍. 

Covid 19 what is reverse isolation
Author
Thiruvananthapuram, First Published Apr 2, 2020, 10:10 PM IST

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നിരവധി ആളുകളെയാണ് ക്വാറന്‍റൈന്‍  ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ആളുകളുടെ സംശങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇന്‍ഫോ ക്ലിനിക്കിന്‍റേ ഫേസ്ബുക്ക് പേജിലൂടെ ഡോ. ജിനേഷ് പി എസ്, ഡോ. നവ്യാ തൈക്കാട്ടില്‍, ഡോ. മനോജ് വെള്ളനാട് എന്നിവര്‍.  

ഇപ്പോൾ നമ്മൾ ക്വാറന്‍റൈന്‍ ചെയ്യുന്നത് ആരെയാണ് ?

 കൊവിഡ് 19 രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവരെയും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വന്നവരെയും. കാരണം അവരുടെ ശരീരത്തിൽ വൈറസ് കയറിയിരിക്കാനുള്ള സാധ്യതയുണ്ട്. അത് മറ്റുള്ളവർക്ക് പകരാതിരിക്കുക എന്നതാണ് ലക്ഷ്യം.

എന്താണീ റിവേഴ്‌സ്  ക്വാറന്‍റൈന്‍ ?

മേൽപ്പറഞ്ഞതിൻ്റെ നേർവിപരീതമാണ് റിവേഴ്‌സ് ക്വാറന്റൈൻ, അഥവാ റിവേഴ്‌സ് ഐസൊലേഷൻ. അതായത് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കും എക്സ്പോഷർ ഉണ്ടായിട്ടില്ല എന്ന് ഉറപ്പുള്ളവവർക്കും ക്വാറന്റൈൻ/നിരീക്ഷണം ഏർപ്പെടുത്തുക എന്നതാണത്. അതായത് അവർ ഒരു കാരണവശാലും വൈറസ് ബാധ ഉള്ളവരുമായോ അത്തരം സാഹചര്യങ്ങളുമായോ ഇടപഴകാൻ അനുവദിക്കാതിരിക്കുക.

സമൂഹത്തിലെ രോഗമില്ലാത്ത എല്ലാവർക്കും ഇങ്ങനെ റിവേഴ്‌സ് ക്വാറന്‍റൈന്‍ ഏർപ്പെടുത്താൻ സാധിക്കുമോ ?

  • റിവേഴ്സ് ക്വാറൻ്റൈൻ എന്ന ആശയത്തിൻ്റെ അടിസ്ഥാനതത്വം തന്നെ, അത് രോഗമില്ലാത്ത എല്ലാവർക്കും ഉള്ളതല്ലാ എന്നതാണ്. പകരം അസുഖം ലഭിച്ചാൽ സങ്കീർണതകളും മരണ സാധ്യതകളും കൂടുതലുള്ള വിഭാഗത്തിലുള്ളവരെ നിരീക്ഷണത്തിൽ കൊണ്ടുവരിക എന്നതാണ്.
  • സാധാരണയായി പ്രതിരോധം കുറഞ്ഞ വ്യക്തികൾ, ഉയർന്ന ഡോസ് സ്റ്റീറോയിഡ് മരുന്നുകൾ എടുക്കുന്നവർ, ക്യാൻസർ ചികിത്സ എടുക്കുന്നവർ, ജന്മനാ പ്രതിരോധശേഷി തീരെ കുറവുള്ള കുഞ്ഞുങ്ങൾ എന്നിവരെ ഇങ്ങനെ റിവേഴ്‌സ് ഐസോലേഷനിൽ വെയ്ക്കാറുണ്ട്. മറ്റുള്ളവരിൽനിന്ന് രോഗാണുക്കൾ പകർന്നു കിട്ടാതിരിക്കാനാണിത്.
  • ദീർഘകാലം ലോക്ക് ഡൗൺ പോലുള്ള നടപടികൾ ലോകത്തൊരിടത്തും അഭികാമ്യമല്ലാ. ദീർഘകാലം സമ്പദ് വ്യവസ്ഥയെ ബാധിക്കാതെ എങ്ങനെ രോഗപ്രതിരോധം കണിശമായി നടത്താമെന്ന ചോദ്യത്തിനുള്ള ഫലപ്രദമായ ഒരുത്തരമാണ് 'റിവേഴ്സ് ക്വാറൻ്റൈൻ'

 

കൊവിഡ്19 പകർച്ചവ്യാധിയിൽ 'റിവേഴ്‌സ് ഐസൊലേഷന്' എന്തെങ്കിലും പ്രസക്തിയുണ്ടോ?

  • ഇത് വരെയുള്ള കണക്കുകൾ പ്രകാരം നാൽപത് വയസ്സിൽ താഴെയുള്ളവരിൽ, ആയിരത്തിൽ രണ്ട് പേർക്ക് മാത്രമാണ്, രോഗം മൂർച്ഛിക്കുവാനും മരണപ്പെടാനുമുള്ള സാധ്യത. എന്നാൽ പ്രായമേറും തോറും ഈ നിരക്കുകൾ കൂടി വരികയും വയോജനങ്ങളിൽ കോവിഡ്19 കൊണ്ടുള്ള മരണസാധ്യത അഞ്ചുശതമാനമോ അതിൽ കൂടുതലോ ആയേക്കാം.
  • ഹൃദ്രോഗം, പ്രമേഹം, കരൾ, വൃക്ക സംബന്ധരോഗങ്ങൾ തുടങ്ങിയ മറ്റ് അസുഖങ്ങളുള്ള ചെറുപ്പക്കാരിലും, വയോജനങ്ങളിലും മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ട്. ഈ രണ്ട് വിഭാഗത്തിൽ പെട്ടവരെ റിവേഴ്സ് ഐസൊലേഷൻ ചെയ്യുന്നത് വഴി, ഒരുപക്ഷേ ആകെയുള്ള മരണനിരക്ക് കുറയ്ക്കുവാൻ സാധിച്ചേക്കാം.
  • ചെറുപ്പക്കാരിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കാത്ത രോഗത്തെ ചെറുക്കാൻ ലോക്ക് ഡൗൺ പോലുള്ള കർശന നടപടികളിലേക്ക് ലോകരാജ്യങ്ങൾ കടന്നത് പോലും രോഗം അപകടകരമായേക്കാവുന്ന മറ്റു ആളുകള്‍ക്കുവേണ്ടിയാണ്. ലോക് ഡൗൺ വഴി രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞാലും ഇവർ പൂർണമായും അപകടവലയത്തിൽ നിന്ന് മുക്തരാകുന്നില്ല. ഇവിടെയാണ് റിവേഴ്‌സ് ക്വാറന്റൈൻ പ്രസക്തമാകുന്നത്.

 

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പാഠങ്ങൾ ?

  • നിലവിലെ അവസ്ഥയിൽ ഈ അസുഖം മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയുടെ ജനസംഖ്യയുടെ 22 ശതമാനത്തിലധികം വയോജനങ്ങളാണ്. ഈ വിഭാഗത്തിൽ പെട്ടവരിൽ ഉണ്ടായ ഗുരുതരമായ രോഗാവസ്ഥ ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലധികമായിരുന്നു. ഐ.സി.യൂ. കിടക്കകളും, വെന്റിലേറ്ററുകളും തികയാതെ വന്നതോടെ മരണങ്ങൾ ഒഴിവാക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടായി. ഇതുകൊണ്ട് തന്നെ ഇറ്റലിയുടെ മരണനിരക്ക് വളരെയധികം ഉയരുകയും ചെയ്തു.
  •  ദക്ഷിണ കൊറിയയിലെ രോഗബാധിതരുടെ ശരാശരി പ്രായം തീരെ കുറവാണ്. ഇവിടെ നിന്നുള്ള മരണനിരക്കും തീരെ കുറവ് തന്നെ. വളരെ വിപുലമായ രീതിയിൽ പരിശോധനകൾ കൂടി നടത്തുന്ന ഈ രാജ്യം എങ്ങനെ ഇത്തരം ഒരു രോഗത്തെ ഫലപ്രദമായി പിടിച്ചുകെട്ടാം എന്നതിന് ഉത്തമ ഉദാഹരണമാണ്.
  • മറ്റു പല രാജ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ റിവേഴ്സ് ഐസൊലേഷന്റെ തത്വങ്ങൾ പാലിച്ചു വരുന്നവരാണ്. ജർമനിയിൽ വയോധികർ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുകയും, മറ്റസുഖങ്ങൾ ഇല്ലാത്തവരും, പ്രായം കുറഞ്ഞവരും നിയന്ത്രണങ്ങളോട് കൂടി പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരുന്നത്.
  • സ്വീഡനിൽ പ്രായാധിക്യമുള്ളവർ ഒന്നുകിൽ അവരുടെ വീടുകളിൽ തന്നെ കഴിയുകയും, അല്ലെങ്കിൽ സ്റ്റേറ്റ്‌ നൽകുന്ന വൃദ്ധമന്ദിരങ്ങളിൽ പാർപ്പിക്കുകയും ചെയ്യുന്നു. വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി ഇത്തരം വൃദ്ധമന്ദിരങ്ങളിൽ പുറത്തുനിന്നുള്ളവരുടെ സന്ദർശനം കർശനമായി വിലക്കിയിരിക്കുന്നു. മറ്റ് പ്രായക്കാർ സാധാരണ പോലെ ജോലിയ്ക്കു പോവുകയും, വേണ്ടവർ മാത്രം സ്വയം ക്വറന്റൈൻ ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
  •  ഐസ്‌ലൻഡിലും ഇത് തന്നെയാണ് പ്രധാന പ്രതിരോധ തന്ത്രം. ഇതിനോടൊപ്പം, വ്യാപകമായ ടെസ്റ്റിംഗ് സംവിധാനങ്ങളും അവിടെയുണ്ട്.
  • ലോകമാകെ ആകെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത് 80 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ഗ്രൂപ്പിൽ ആണ് എന്ന് കാണാം. അതിനുതാഴെ 70 മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരുടെ ഗ്രൂപ്പിൽ. 60 വയസ്സിൽ താഴെ മരണ ശതമാനം താരതമ്യേന വളരെ കുറവാണ്.

 

കേരളത്തിൽ റിവേഴ്സ് ഐസൊലേഷൻ ആവശ്യം വരുമോ ?

 സമൂഹവ്യാപനം തുടങ്ങുകയും, ലോക്ക് ഡൗണിൽ അയവു വരുത്തേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്താൽ ഇവിടെയും റിവേഴ്സ് ഐസൊലേഷന് പ്രസക്തി വർദ്ധിക്കും. ഇത് കണിശമായി പാലിക്കാൻ സാധിച്ചാൽ ലഭ്യമായ ഐ.സി.യു സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും സഹായത്തോടെ, നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്ന രീതിയിൽ ഈ മഹാമാരിയെ നേരിടാനാവും.

 കേരളത്തിൽ റിവേഴ്‌സ് ഐസൊലേഷൻ പ്രായോഗികമാണോ ?

  • മിക്ക വിദേശരാജ്യങ്ങളിലും പ്രായമായവർ തനിച്ച് അവരുടെ വീടുകളിലോ, അല്ലെങ്കിൽ വൃദ്ധമന്ദിരങ്ങളിലോ ജീവിക്കുന്നവരാണ്. അത്തരം ഒരു സാമൂഹികാവസ്‌ഥയിൽ റിവേഴ്‌സ് ഐസൊലേഷൻ നടപ്പാക്കുന്നത് എളുപ്പവുമാണ്.
  •  എന്നാൽ കേരളത്തിലെയോ, ഇന്ത്യയിലെ തന്നെയോ സാമൂഹ്യ സാഹചര്യങ്ങളിൽ കൂട്ടു കുടുംബങ്ങളോ, മൂന്ന് തലമുറകൾ ഒന്നിച്ചു താമസിക്കുന്ന കുടുംബങ്ങളോ ആയിരിക്കും ഭൂരിഭാഗവും. അതുകൊണ്ടു തന്നെ കണിശമായ റിവേഴ്സ് ഐസോലേഷൻ പാലിക്കാൻ പലപ്പോഴും വീടുകളിലെ സാഹചര്യങ്ങൾ അനുകൂലമായിരിക്കണമെന്നില്ല.

 

എങ്കിലും നമ്മുടെ സാഹചര്യങ്ങളിൽ, വീട്ടിലെ പ്രായമായവർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും പരമാവധി റിവേഴ്‌സ് ഐസൊലേഷൻ എങ്ങനെ പ്രാവർത്തികമാക്കാം ?

  • കേരളത്തിൽ ജനസംഖ്യയുടെ 15 ശതമാനത്തിൽ താഴെ വയോജനങ്ങൾ ഉണ്ട്.
  • പല രാജ്യങ്ങളിലും ഉള്ളതുപോലെ, പ്രായമായവരെ ഒന്നിച്ചു പാർപ്പിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങുന്നത് കേരളത്തിൽ പ്രായോഗികമാകുമോ? കുടുംബങ്ങളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടി വരുന്നു. ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കേണ്ടി വരും. അവരുടെ ആഹാരം, വസ്ത്രം, ചികിത്സ, മരുന്നുകൾ എന്നിവയൊക്കെ സജ്ജമാക്കേണ്ടിവരും. മാത്രമല്ല കുടുംബബന്ധങ്ങളിൽ നിന്ന് അകലുമ്പോൾ ഉണ്ടാകുന്ന മാനസിക ആഘാതങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം തരണം ചെയ്യാൻ ഒട്ടും എളുപ്പമല്ല. പക്ഷെ, വേണ്ടി വന്നാൽ പരിഗണിക്കേണ്ടതുമാണ്.
  • മാത്രമല്ല, ഇവിടേയ്ക്ക് കർശനമായി സന്ദർശകരെ ഒഴിവാക്കണം. ഇവിടെ സഹായികൾ ആയിട്ടുള്ളവർ, രോഗം വരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഒരു രീതിയിലും രോഗത്തിന്റെ വിത്തുകൾ ഇവിടെ വീഴാതെ കർശനമായി തന്നെ നോക്കണം. അല്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാവും.

 

അങ്ങനെയെങ്കിൽ നിലവിൽ താമസിക്കുന്ന വീടുകളിൽ തന്നെ റിവേഴ്സ് ഐസോലേഷൻ സാധിക്കുമോ ?

സാധിക്കും, പക്ഷെ അതും അത്ര എളുപ്പമല്ല, കാരണം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ശക്തമായ കുടുംബ ബന്ധങ്ങൾ ഉള്ള സ്ഥലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള വരും പരസ്പരം നന്നായി ഇടപഴകുന്ന സ്ഥലമാണ്, പ്രത്യേകിച്ച് കൊച്ചുമക്കളും ഗ്രാൻഡ് പേരന്റ്സും. ഈ സാഹചര്യത്തിൽ ഒരു വീടിനുള്ളിൽ എങ്ങനെ നിയന്ത്രണങ്ങൾ കൊണ്ടു വരും എന്നത് ചിന്തനീയമാണ്.

എങ്കിലും രണ്ടു രീതിയും പരിഗണിച്ചാൽ ഓരോ വീടുകളിലും റിവേഴ്‌സ് ക്വാറന്റൈൻ രീതി ആവിഷ്കരിക്കുകയാവും നമ്മുടെ സമൂഹത്തിൽ കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു.

 

നമ്മുടെ വീടിനുള്ളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം ?

1. വീട്ടിൽ പ്രായമായവർക്കും മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്കും സ്വന്തമായ മുറി ഉണ്ടെങ്കിൽ, മുറിയിൽ തന്നെ കൂടുതൽ സമയം ചിലവിടുന്നത് പ്രോത്സാഹിപ്പിക്കാം.

2. അവർക്ക് ഒരുക്കുന്ന മുറികളിൽ നല്ലതുപോലെ കാറ്റും വെളിച്ചവും കടക്കുന്നത് ആയിരിക്കണം.

3. സാധിക്കുമെങ്കിൽ ടിവി, റേഡിയോ തുടങ്ങിയ ഉപാധികൾ അറേഞ്ച് ചെയ്താൽ നന്നാവും.

4. അവരുടെ മുറിയിൽ മാത്രമായി ഒരു ടിവി വെക്കാൻ സാധിക്കുന്നില്ല എങ്കിൽ, അവർക്ക് കതക് തുറന്നിട്ടാൽ കാണാവുന്ന രീതിയിൽ ടിവി അറേഞ്ച് ചെയ്യുക.

5. സ്വീകരണ മുറിയിൽ നിന്ന് അപ്പാടെ അവരെ മാറ്റുന്നത് മാനസികമായി വിഷമം ഉണ്ടാക്കിയേക്കാം, അതുകൊണ്ട് അവർക്ക് മാത്രമായി ഇത്തിരി അകലം പാലിച്ചു കൊണ്ട് ഒരു ഇരിപ്പിടം ഒരുക്കാം.

6. അവർക്ക് ഇഷ്ടപ്പെട്ട സംഗീതം, സിനിമ, പുസ്തകങ്ങൾ തുടങ്ങിയ കാര്യങ്ങൾ നൽകാൻ മറക്കരുത്.

7. അവരിൽ ലാൻഡ് ഫോൺ/മൊബൈൽ ഫോൺ ഉപയോഗം പ്രോത്സാഹിപ്പിക്കാം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അയൽക്കാരെയോ ഫോൺ വിളിച്ച് സംസാരിക്കുന്നതും വീഡിയോ കോളുകളും പ്രോത്സാഹിപ്പിക്കാം.

8. ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ അതും പ്രോത്സാഹിപ്പിക്കാം.

9. അവർ മറ്റുള്ളവരുടെ കൂടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

10. ആഹാരം കഴിക്കാൻ മുറിക്ക് പുറത്തിറങ്ങുന്നു എങ്കിൽ ആഹാരം കഴിക്കുന്നതിനു മുൻപും മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.

11. വീട്ടിലുള്ളവരിൽ ഒരാൾ മാത്രമേ അവരുടെ മുറിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കയറാൻ പാടുള്ളൂ. കയറുന്നതിന് മുമ്പ് കൈകൾ സോപ്പിട്ട് കഴുകണം. ചുമയോ പനിയോ ഉളളവർ അവിടെ കയറാതിരിക്കാൻ ശ്രദ്ധിക്കണം.

12. നിരന്തരം വീടിനു പുറത്തു പോകുന്നവർ ഇവരുമായി ഇടപെടുന്നത് പരമാവധി ഒഴിവാക്കുക.

13. വീട്ടിലെ കൊച്ചു കുട്ടികളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. എളുപ്പമല്ല, പക്ഷേ മറ്റു വഴികളില്ല.

14. കിടപ്പിലായവരാണെങ്കിൽ ബാത്റൂമിലേക്ക് പോകുന്നതിനും മറ്റും സഹായിക്കുന്നവർ വ്യക്തിശുചിത്വം പാലിക്കണം.

15. മുറിക്കുള്ളിൽ ആവശ്യത്തിന് വെള്ളം കുടിക്കാനുള്ള സൗകര്യങ്ങളും ഫലവർഗങ്ങളും നൽകുന്നത് നല്ലതാണ്.

16. എല്ലാ വീടുകളിലും വയോധികർക്ക് സ്വന്തമായി മുറി ഉണ്ടാവണം എന്ന് നിർബന്ധമില്ല. ഒറ്റമുറി വീടുകളാണെങ്കിൽ വയോധികർക്ക് ആയി മുറിയുടെ ഒരു ഭാഗം മാറ്റി വയ്ക്കുക.

17. വയോധികർ വീടിൻ്റെ ഒരു ഭാഗത്ത് ഒതുങ്ങുന്നു എന്ന് കരുതി പരസ്പരബന്ധം കുറയരുത്. വീട്ടിലുള്ളവർ പരമാവധി പരസ്പരം സംസാരിക്കണം, പക്ഷേ നേർക്കുനേർ അടുത്ത് ഇരുന്നു കൊണ്ട് സംസാരം വേണ്ട.

18. വയോജനങ്ങൾ ഉള്ള വീടുകൾക്ക് സന്നദ്ധ സേനാംഗങ്ങൾ ഒരു പ്രത്യേക ശ്രദ്ധ നൽകണം. അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ സഹായിക്കാൻ സന്നദ്ധ സേനാംഗങ്ങൾക്ക് ആവശ്യമായ ട്രെയിനിങ് നൽകണം.

റിവേഴ്സ് ക്വാറൻ്റൈനെ പറ്റി നമ്മൾ എപ്പോൾ മുതലാണ് ചിന്തിച്ചു തുടങ്ങേണ്ടത്?

  • ശരിക്കും പറഞ്ഞാൽ ഇപ്പോൾ മുതലേ ചിന്തിച്ചു തുടങ്ങണം. ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും ആളുകൾ വീണ്ടും പൊതു ഇടങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത വീണ്ടും ഉണ്ടാവും. അത്തരമൊരു സാഹചര്യമുണ്ടാകുന്നതിനു മുൻപേ ഇതിൻ്റെ സാധ്യതകളെ നമ്മൾ മുൻകൂട്ടി കാണണം, കൃത്യമായി പ്ലാൻ ചെയ്യണം.
  • റിവേഴ്സ് ക്വാറൻ്റൈൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾക്കാരെയും അവരുടെ വീട്ടുകാരെയും മാനസികമായി തയ്യാറെടുപ്പിക്കേണ്ടതും അത്യാവശ്യമാണ്.
  • വീടിനുള്ളിൽ ക്വാറന്റൈൻ സാധ്യമാകാത്തവർക്കായി താൽക്കാലിക ക്വാറന്റൈൻ ഹോമുകൾ സജ്ജീകരിക്കുന്നതിനെ പറ്റിയും നമ്മൾ ചിന്തിക്കണം. അവിടേക്ക് മാറ്റുന്നവർക്ക് ആവശ്യമായ കൗൺസിലിംഗും മറ്റു സഹായങ്ങളും നൽകിയും സാഹചര്യം അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയും വേണമത് ചെയ്യാൻ. അവർക്കായി മേൽപ്പറഞ്ഞ സൗകര്യങ്ങളൊക്കെ ക്വാറന്റൈൻ ഹോമുകളിൽ ഏർപ്പെടുത്തണം.
  • ഏറ്റവും പ്രധാനമായി മുൻകൂട്ടി കാണേണ്ട ഒരു കാര്യം റിവേഴ്സ് ക്വാറൻ്റൈൻ കൃത്യമായി 14 ദിവസത്തേക്കെന്നോ ഒരു മാസത്തേക്കെന്നോ നമുക്ക് നേരത്തെ നിശ്ചയിക്കാൻ കഴിയില്ല എന്നുള്ളതാണ്. ചിലപ്പോൾ അത് മാസങ്ങളോളം നീണ്ടു പോകാൻ സാധ്യതയുണ്ട്. എല്ലാ രീതിയിലും നമ്മളതിനായി തയ്യാറെടുക്കണം.

 

എഴുതിയത്: ഡോ. ജിനേഷ് പി എസ്, ഡോ. നവ്യാ തൈക്കാട്ടില്‍, ഡോ. മനോജ് വെള്ളനാട്

Follow Us:
Download App:
  • android
  • ios