ദഹനപ്രശ്‌നങ്ങള്‍ നമ്മുടെയൊക്കെ നിത്യജീവിതത്തെ അലട്ടുന്ന പ്രശ്‌നമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, അസിഡിറ്റി, ഗ്യാസ്ട്രബിള്‍ എന്നിവയെല്ലാം ദഹനപ്രക്രിയയെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ പലരും ഇത് നിത്യജീവിതത്തിന്റെ ഭാഗമായി മാത്രമെ കാണാറുള്ളു. എന്നാല്‍ കൊറോണ ആശങ്കയില്‍ ലോകം നിശ്ചലമായിരിക്കുമ്പോള്‍ ദഹനപ്രശ്‌നങ്ങളെ അത്ര നിസാരമായി കാണരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ചൈനീസ് ആരോഗ്യവിദഗ്ധര്‍ നടത്തിയ പുതിയ പഠനം. 

'അമേരിക്കന്‍ ജേണല്‍ ഓഫ് ഗ്യാസ്‌ട്രോ എന്‍ട്രോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. ലോകത്താദ്യമായി കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. ജനുവരി 18 മുതല്‍ ഫെബ്രുവരി 28 വരെ വുഹാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 204 പേരെയാണ് പഠന വിധേയമാക്കിയത്. ഇവരില്‍ 99 പേര്‍ക്കും (48.5%) കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പഠനം പറയുന്നത്.
 
ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം വരുന്നതിന് മുമ്പ് കാര്യമായ ദഹനപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പഠനവിധേയമാക്കിയ 204 പേരില്‍ 107 പേര്‍ പുരുഷന്‍മാരും 94 പേര്‍ സ്ത്രീകളുമായിരുന്നു. 55 വയസായിരുന്നു ഇവരുടെ ശരാശരി പ്രായം.

പഠനവിധേയമാക്കിയ 204 പേരില്‍ 83 ശതമാനത്തിനും വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് വിശപ്പില്ലായ്മ അനുഭവപ്പെട്ടിരുന്നു. 29 ശതമാനത്തിന് വയറിളക്കവും, 0.8 ശതമാനം പേര്‍ക്ക് ഛര്‍ദ്ദിയും 0.4 ശതമാനം പേര്‍ക്ക് അടിവയറ്റില്‍ വേദനയുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇതിന് പുറമെ ഭൂരിഭാഗം പേര്‍ക്കും വരണ്ട ചുമ(ഡ്രൈ കഫ്), ശ്വാസതടസ്സം എന്നിവയും ഉള്ളതായി കണ്ടെത്തി. ദഹനപ്രശ്‌നങ്ങളൊന്നും കാണിക്കാതിരുന്ന 105 രോഗികളില്‍ 85 പേര്‍ മാത്രമാണ് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചത്. 20 പേര്‍ ശ്വസനസംബന്ധമായതോ ദഹനസംബന്ധമായതോ ആയ യാതൊരു ലക്ഷണങ്ങളും കാണിച്ചില്ല. രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടങ്ങളില്‍ ദഹനപ്രശ്‌നങ്ങള്‍ അധികമാകുന്നുവെന്നും പഠനം പറയുന്നു. 

അതുപോലെ ദഹനപ്രശ്‌നങ്ങളുള്ള രോഗികളെ അപേക്ഷിച്ച് ദഹനപ്രശ്‌നങ്ങളില്ലാത്ത രോഗികള്‍ വേഗം സുഖം പ്രാപിച്ചതായും പഠനത്തില്‍ കണ്ടെത്തി. വയറിളക്കം പോലുള്ള ദഹനപ്രശ്‌നങ്ങള്‍ തുടക്കത്തിലേ  തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും സഹായകരമായിരിക്കുമെന്നും പഠനം പ്രസിദ്ധീകരിച്ച 'അമേരിക്കന്‍ ജേണല്‍ ഓഫ് ഗ്യാസ്‌ട്രോ എന്‍ട്രോളജി'യുടെ കോ എഡിറ്ററും 'യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആന്‍ഡ് ലോസാഞ്ചല്‍സി'(യുക്ല)ലെ പ്രഫസറുമായ ഡോ.ബ്രണ്ണന്‍ സ്പീഗല്‍ പറയുന്നു.

ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടുന്നത് കോവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനും രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാനും സഹായകരമാകുമെന്നും സ്പീഗല്‍ വ്യക്തമാക്കി. ലോകത്താകെ ഇതുവരെ നാല് ലക്ഷത്തോളം പേരെയാണ് കൊറോണ വൈറസ് ബാധിച്ചത്. 102,429 പേര്‍ ഇതുവരെ രോഗവിമുക്തരായപ്പോള്‍ 16,500ലധികം പേരാണ് ഇതുവരെ മരിച്ചത്.