രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പദാർഥങ്ങള്‍ മത്തങ്ങാക്കുരുവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് ടു പ്രമേഹത്തിന്‍റെ സാധ്യത ഇല്ലാതാക്കുന്ന ധാരാളം ഫൈബറുകളാല്‍ സമ്പുഷ്ടമാണ് മത്തങ്ങാക്കുരു.

രണ്ട്...

കറുവപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേക ശേഷിയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചായയിലോ കാപ്പിയിലോ തൈരിലോ ചേര്‍ത്ത് ഇത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മൂന്ന്...

ഫെെബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം തടയാൻ മാത്രമല്ല ഹൃദ്രോ​ഗങ്ങൾ അകറ്റാനും അമിതവണ്ണം കുറയ്ക്കാനും ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നാല്...

പ്രമേഹമുള്ളവർ ധാന്യങ്ങള്‍, ഓട്ട്‌സ്, ബാര്‍ലി തുടങ്ങിയവ കഴിക്കുന്നതില്‍ കുഴപ്പമില്ല. ദഹനേന്ദ്രിയത്തില്‍ നിന്നും കാര്‍ബോഹൈട്രേറ്റുകളെ വലിച്ചെടുക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുന്ന നാരുകളുടെ സാന്നിധ്യമാണ് ഇത്തരം ഭക്ഷണങ്ങളെ ആശാസ്യമാക്കുന്നത്. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

അഞ്ച്...

ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ ആ വെള്ളം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ക്രമീകരിക്കുന്നതിന് സഹായിക്കും.