മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ചില അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ എളുപ്പത്തില്‍ തന്നെ ജീവന് ഭീഷണിയായി മാറാറുണ്ട്. അത്തരത്തിലൊന്നാണ് ഫാറ്റി ലിവര്‍ എന്ന കരള്‍രോഗം.

ഫാറ്റി ലിവര്‍ രോഗം രണ്ട് തരത്തിലുണ്ട്. ഒന്ന്, ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം, രണ്ട് നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം. ഇതില്‍ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം പിടിപെടുന്നതിന് പിന്നിലെ ഒരു കാരണമെന്ന് പറയുന്നത് മോശം ജീവിതശൈലിയാണ്. അതായത്, മോശം ഡയറ്റ് ആകാം, അതുപോലെ ശരീരം ആവശ്യത്തിന് പോലും അനങ്ങാത്തയത്രയും മടിപിടിച്ച് നടക്കുന്ന രീതികളാകാം. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതാകാം. ഇതെല്ലാം മോശം ജീവിതശൈലിയില്‍ വരുന്നത് തന്നെയാണ്. 

അപ്പോള്‍, നിത്യജീവിതത്തില്‍ ചില മാറ്റങ്ങളെല്ലാം വരുത്തിയാല്‍ ഒരു പരിധി വരെയെങ്കിലും ഈ രോഗത്തെ ചെറുക്കാമെന്നല്ലേ ഇതിനര്‍ത്ഥം. അത്തരത്തിലൊരു 'ടിപ്'നെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ദിവസവും ചായ കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. സാധാരണ ചായയ്ക്ക് പകരം ഗ്രീന്‍ ടീ പതിവാക്കുക. ഒപ്പം തന്നെ, വ്യായാമവും പതിവാക്കുക. ഈ രണ്ട് ശീലങ്ങളുമുണ്ടെങ്കില്‍ ഫാറ്റി ലിവറിനെ പ്രതിരോധിക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. നൂറ് ശതമാനം രോഗം വരില്ലെന്ന ഉറപ്പല്ല, പകരം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മാര്‍ഗമെന്ന തരത്തിലാണ് ഗ്രീന്‍ ടീ- വ്യായാമം എന്നിവയെ കാണേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. ലോകമൊട്ടാകെ ഓരോ വര്‍ഷവും നിരവധി പേര്‍ക്കാണ് ഫാറ്റി ലിവര്‍ രോഗത്തെ തുടര്‍ന്നുണ്ടാകുന്ന അവശതകളെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുന്നതെന്നും, രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് തന്നെയാണ് ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു.