ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ടാകുന്നത് നമ്മുടെ സമൂഹത്തില്‍ പൊതുവേ സംസാരവിഷയമാകാറുണ്ട്. ദാമ്പത്യത്തില്‍ പുരുഷനെക്കാള്‍ പ്രായം കുറവായിരിക്കണം സ്ത്രീക്ക് എന്നാണ് നമ്മുടെ പൊതുബോധം. ആ പ്രായക്കുറവ് പത്ത് വയസ് വരെയൊക്കെ ആണെങ്കില്‍ പോലും അത് സമൂഹം അംഗീകരിക്കാറുണ്ട്. എന്നാല്‍ അതില്‍ക്കൂടുതലാണ് വ്യത്യാസമെങ്കില്‍ തീര്‍ച്ചയായും അതില്‍ അതിശയം പ്രകടിപ്പിക്കാനും അത് ചര്‍ച്ചയാക്കാനുമെല്ലാം ആളുകള്‍ മത്സരിക്കുന്നത് കാണാറുണ്ട്. 

അത്തരത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ദാമ്പത്യമാണ് സൂപ്പര്‍ മോഡല്‍ മിലിന്ദ് സോമന്റേയും ഭാര്യ അങ്കിതയുടേയും ദാമ്പത്യം. മിലിന്ദിന് അമ്പത്തിനാല് വയസും അങ്കിതയ്ക്ക് ഇരുപത്തിയെട്ട് വയസുമാണ് പ്രായം. 26 വയസിന്റെ വ്യത്യാസം! 2018ലാണ് ഇരുവരും അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒന്നിക്കുന്നത്. അന്ന് മുതല്‍ തന്നെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഇരുവരുടെയും പ്രായവ്യത്യാസം വലിയ ചര്‍ച്ചയായിരുന്നു. 

 

 

എന്നാല്‍ മിലിന്ദിന്റെ കാര്യത്തിലുള്ള സവിശേഷതയെന്തെന്നാല്‍ അമ്പത്തിനാലാം വയസിലും ചുറുചുറുക്കുള്ള യുവാവിനെപ്പോലെയാണ് മിലിന്ദിന്റെ ശരീരവും ജീവിതരീതികളുമെല്ലാം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍, ഇന്നും മിലിന്ദിനെ മാതൃകയാക്കുന്ന യുവാക്കള്‍ ഏറെയാണ്. മോഡലിംഗിലും അഭിനയരംഗത്തുമെല്ലാം താരമായിരുന്ന കാലത്തും ഇപ്പോഴും തന്റെ പ്രഭാവത്തിന് മങ്ങലേല്‍ക്കരുതെന്ന് മിലിന്ദിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ശരീരം ഭംഗിയായി കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരു സന്ധിയും ചെയ്യാറില്ല. 

ആരോഗ്യരഹസ്യത്തെ കുറിച്ച്...

ജിമ്മില്‍ പോയി കഠിനാദ്ധ്വാനം ചെയ്തുകൊണ്ടല്ല മിലിന്ദ് ശരീരം ഇത്തരത്തില്‍ 'ഫിറ്റ്' ആയി കൊണ്ടുനടക്കുന്നത്. തനിക്ക് ഇഷ്ടമുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടുകയും കൃത്യമായ ഡയറ്റും മറ്റ് ശീലങ്ങളും കൊണ്ടുപോവുകയും ചെയ്യുന്നതിലൂടെയാണ് മിലിന്ദ് 'ഫിറ്റ്‌നസ്' കാത്തുസൂക്ഷിക്കുന്നത്. 

 

 

'ജിമ്മില്‍ പോയി മെഷീനുകളോട് മല്ലിട്ട് ഫിറ്റ് ആവുകയെന്നതൊന്നും എനിക്ക് ശരിയാകില്ല. ഞാന്‍ കെട്ടിടങ്ങള്‍ക്കകത്തെ അദ്ധ്വാനത്തിലല്ല തല്‍പരനായിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് പുറത്താണ് യഥാര്‍ത്ഥത്തില്‍ വര്‍ക്കൗട്ട് നടത്തേണ്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്. ഓട്ടം, നീന്തല്‍, ട്രെക്കിംഗ് ഇതെല്ലാമാണ് എന്റെ ഇഷ്ടവിനോദങ്ങള്‍. ഇവയെല്ലാം മനസിനും വലിയ റിലീഫാണ് തരുന്നത്. നിങ്ങള്‍ ശരീരത്തെ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ മനസിനേയും ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ ഇതാണ്...'- മിലിന്ദ് സോമന്‍ പറയുന്നു. 

ഡയറ്റിനെ കുറിച്ച്...

കായികവിനോദങ്ങള്‍ക്കൊപ്പം തന്നെ ഭക്ഷണവും ശരീരത്തിന്റെ ഫിറ്റ്‌നസില്‍ പ്രധാനമാണ്. ഭക്ഷണകാര്യത്തിലും മിലിന്ദിന് തന്റേതായ രീതിയുണ്ട്. ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റ് എന്നതിനേക്കാള്‍ അദ്ദേഹം താല്‍പര്യപ്പെടുന്നത്, ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങളെ ഇഷ്ടപ്പെടുകയെന്ന രീതിയാണ്. 

'എന്ത് ഭക്ഷമവുമാകട്ടെ, അത് കഴിക്കാന്‍ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അതിന്റെ ഗുണങ്ങളിലോ ദോഷങ്ങളിലോ ഞാന്‍ ബോധവാനാകും. ഇതൊരു ശീലമായി പിന്നീട് ജീവിതത്തിലേക്ക് വന്നു. അതായത് മോശം ഭക്ഷണങ്ങളോട് എനിക്ക് താല്‍പര്യമുണ്ടാകില്ല എന്ന അവസ്ഥയായി. മുമ്പ് എനിക്ക് ചോക്ലേറ്റ് വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് ആ ഇഷ്ടം കുറഞ്ഞ്, ഇല്ലാതായി. അതുതന്നെ ഒരുദാഹരണമാണ്...'- മിലിന്ദ് പറയുന്നു. 

 

 

എളുപ്പത്തില്‍ ദഹിക്കുന്ന 'ലൈറ്റ്' ഭക്ഷണമാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് മിലിന്ദ് പറയുന്നു. പ്രോസസ്ഡ് ഫുഡ്, പാക്കറ്റ് ഫുഡ്, റിഫൈന്‍ഡ് ഫുഡ് എന്നിവയെല്ലാം ഒഴിവാക്കും. മനസിന് ഇഷ്ടപ്പെടുന്നത് കൂടിയേ കഴിക്കാറുള്ളൂ. രാവിലെ ഉണര്‍ന്നയുടന്‍ ഒരുപിടി ബദാം കഴിക്കും, കൂടെ ഇളം ചൂടുള്ള ഒരു ഗ്ലാസ് വെള്ളവും. ബദാം കഴിക്കുന്നതിലൂടെ ദിവസം മുഴുവന്‍ 'എനര്‍ജി' സൂക്ഷിക്കാന്‍ കഴിയുമത്രേ. പ്രഭാതഭക്ഷണം പ്രധാനമായും പഴങ്ങളാണ്. 

'മിക്കവാറും സീസണല്‍ ഫ്രൂട്ടുകളാണ് ഞാന്‍ കഴിക്കാറ്. ചിലപ്പോള്‍ ഒരു പപ്പായ, അല്ലെങ്കില്‍ ഒരു പകുതി തണ്ണിമത്തന്‍, നേന്ത്രപ്പഴം അങ്ങനെയങ്ങനെ. ഇതിനൊപ്പം അല്‍പം റൈസോ ഗോതമ്പോ റാഗിയോ ശര്‍ക്കര ചേര്‍ത്ത് വഴറ്റിയെടുക്കുന്നത് കഴിക്കും. ചിലപ്പോള്‍ ഒരു ഓംലെറ്റും. ഉച്ചയ്ക്കാണെങ്കില്‍ ദാല്‍ കിച്ച്ഡിയാണ് പ്രധാനമായും കഴിക്കുക. ഒരുപാട് പച്ചക്കറികളും കൂടെ കഴിക്കും. ബീന്‍സ്,  പീസ്, മത്തന്‍ പോലുള്ള പച്ചക്കറികളൊക്കെയില്ലേ, അപ്പഴപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത് എന്താണോ അത്. അവയും കൂട്ടും. ചിലപ്പോഴൊക്കെ സ്വീറ്റ് പൊട്ടാറ്റോയും കഴിക്കും. അത്താഴം 7 30 യോടെ കഴിക്കും. വളരെ ലൈറ്റായ എന്തെങ്കിലും ആണ് അത്താഴമായി കഴിക്കാറ്. ഇതിനൊപ്പം സലാഡും അല്‍പം പരിപ്പും കഴിക്കും...'- മിലിന്ദ് പറയുന്നു. 

 

 

ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ട്രാക്കിലാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട് എന്നാണ് മിലിന്ദ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത്. പുതിയകാലത്തെ യുവാക്കള്‍ക്ക് നല്‍കാനുള്ള പ്രത്യേക ടിപ്പും ഇതുതന്നെയാണെന്നാണ് മനസിലാകുന്നത്. ആദ്യം അവനവന്റെ ശരീരത്തേയും മനസിനേയും സ്‌നേഹിക്കാന്‍ ശീലിക്കുക. ബാക്കിയെല്ലാം അതിന് ശേഷമായിരിക്കണമെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുന്നതും അതുകൊണ്ടായിരിക്കണം.