അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. കേരളത്തിൽ സൂര്യാഘാതം വിരളമാണെങ്കിലും കരുതിയിരിക്കണം. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. ചുവന്ന പൊള്ളലേറ്റ പാടുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക.

 സൂര്യാഘാതമേറ്റാൽ ശരീരത്തിന് പുറത്ത് മാത്രമല്ല മസ്‌തിഷ്‌കത്തെയും മറ്റ് അവയവങ്ങളെയും ബാധിക്കാം. ശരീര താപനില 104 F (40 C) ആയി ഉയരുന്നു. വെയിൽ കഠിനമായി കൊള്ളുന്നവർക്കാണ് സൂര്യാഘാതമേൽക്കുന്നത്. ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നത് അല്‍പം കരുതി വേണം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ....

വെള്ളം ധാരാളം കുടിക്കുക....

സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വേനൽക്കാലത്ത് വർദ്ധിപ്പിക്കുക. എന്നാൽ വേനൽകാലത്ത് മലിനജലം കൂടുന്നതിനും സാദ്ധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ പാത്രത്തിൽ ശുദ്ധജലം കൂടി കരുതുന്നതാണ് നല്ലത്. കടകളിൽ നിന്നും വാങ്ങുന്ന ശീതള പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കരുതി മദ്യം കഴിക്കാൻ ശ്രമിക്കരുത്. ചൂട് സമയത്ത് മദ്യപിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാവുകയും ഇരട്ടി ദോഷം ശരീരത്തിന് ഉണ്ടാവുകയും ചെയ്യും.

ശരീരത്തിൽ നേരിട്ട് വെയിലേൽക്കരുത്....

തലയിലും ശരീരത്തും വെയിലുകൊള്ളിക്കരുത് പകൽ സമയത്ത് പ്രത്യേകിച്ച് ചൂട് കുത്തനെ ഉയരുന്ന ഉച്ച സമയത്ത് പുറത്തിറങ്ങുമ്പോൾ തലയിൽ തൊപ്പി ധരിക്കുകയോ കുട ചൂടുകയോ വേണം. ശരീരത്തിൽ നേരിട്ട് വെയിലേക്കുന്നത് കൂടുതൽ വിയർക്കുന്നതിനും അതുവഴി നിർജ്ജലീകരണത്തിനും കാരണമായേക്കാം. അതുപോലെ ശരീരത്തിനോട് ഒട്ടിക്കിടക്കുന്ന വസ്ത്രവും ധരിക്കരുത്. കട്ടി കുറഞ്ഞ വായൂസഞ്ചാരമുറപ്പാക്കുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കടുത്ത കളറുള്ള വസ്ത്രങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം.

പുറത്ത് ജോലി ചെയ്യുന്നവർ...

നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കേണ്ടതാണ്. തൊഴിലുറപ്പ് പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരും ഇത് ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ ഇടവേളകളിൽ ശുദ്ധ ജലം ധാരാളം കുടിക്കാൻ ശ്രമിക്കുക. 

യാത്രകള്‍ ഒഴിവാക്കുക....

ചൂടുള്ള സമയങ്ങളിൽ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുന്നതാകും നല്ലത്. സൂര്യാഘാതമേറ്റുവെന്ന് ഉറപ്പായാൽ ആ വ്യക്തിയെ തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത് അൽപനേരം ഇരുത്താം. സൂര്യപ്രകാശമേൽക്കാത്ത തണുപ്പുള്ള എസി മുറിയിൽ ഇരുത്തുന്നതാണ് കൂടുതൽ നല്ലത്. 

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക...

ഭാരക്കുറവുള്ളതും വളരെ ലെെറ്റായ കളറുള്ള വസ്ത്രങ്ങളുമാണ് ധരിക്കേണ്ടത്. ചൂട് സമയത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. പുറത്ത് പോകുമ്പോൾ ( പ്രത്യേകിച്ച് വെയിലത്ത്) കുട പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ലക്ഷണങ്ങൾ....

പനി 
തൊലിവരണ്ട് പൊട്ടുക.
അമിതമായി വിയർക്കുക.
തലവേദന.
കോച്ചിവലിക്കല്‍.
ക്ഷീണം.