ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊവിഡ് 19  പടര്‍ന്നു പിടിക്കുകയാണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. കൊവിഡിനെ തടയാന്‍ നിരവധി പ്രതിരോധമാര്‍ഗങ്ങളാണ് നടന്നുവരുന്നത്. 

വൈറസ് ബാധിക്കാതിരിക്കാന്‍ കൈകള്‍ ഇടയ്ക്കിടെ കഴുകാനും മാസ്‌ക് ധരിക്കാനും ഹസ്തദാനം ഒഴിവാക്കാനും യാത്രകള്‍ ഒഴിവാക്കാനും ആരോഗ്യ വകുപ്പ് തന്നെ നിര്‍ദ്ദേശിക്കുകയുണ്ടായി.  വീടും പരിസരവും വ്യക്തി ശുചിത്വവും അത്യാവിശ്യമാണ്.  ഓരോ വ്യക്തികള്‍ മാത്രമല്ല സര്‍ക്കാരും പൊതുവിടങ്ങളും പൊതുഗതാഗത മാര്‍ഗങ്ങളിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലേ ? 

ആളുകള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ട്രെയിനുകളിലെ വൃത്തി എത്രത്തോളമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രെയിനിലെ പുതപ്പും കര്‍ട്ടനും അലക്കാറുണ്ടോ ?  'ഇല്ല' എന്നാണ് റെയില്‍വേ തന്നെ ഇപ്പോള്‍ പറയുന്നത്.  വെസ്റ്റേണ്‍ റെയില്‍വേയുടെ ട്വീറ്റ് വ്യക്തമാക്കുന്നതും ഇക്കാര്യം തന്നെയാണ്. 

എസി കോച്ചിന്‍റെ കര്‍ട്ടണുകളും ബ്ലാഗറ്റും നീക്കം ചെയ്യുകയാണ്. കാരണം അവ എല്ലാ യാത്രയ്ക്കും മുന്‍പ് കഴുകാറില്ല. അതിനാല്‍ യാത്രക്കാര്‍ പുതുപ്പുകള്‍ കൈയില്‍ കരുതുക എന്നായിരുന്നു ട്വീറ്റില്‍ പറയുന്നത്.  ഈ ട്വീറ്റിന് താഴെ നിരവധിപേര്‍ ഇന്ത്യന്‍ റെയില്‍വേയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. 

ഓരോ യാത്രയ്ക്ക് മുന്‍പും പുതപ്പും മറ്റും മാറ്റുന്നുണ്ട് എന്നായിരുന്നു ഇതുവരെ കരുതിയത് എന്നാണ് പലരും പറയുന്നത്. കൊവിഡ് കാലത്ത് എങ്കിലും അതൊക്കെയൊന്ന് അലക്കികൂടെ എന്നും റെയില്‍വെ ഒടുവില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നു എന്നും പലരും കമന്‍റ് ചെയ്തു.