വാഷിങ്ടണ്‍: ജീവിതം ഒരിക്കലും സാധാരണ നിലയിലാകില്ലെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞനും കൊറോണ പ്രതിരോധസേനയുടെ തലവനുമായ ഡോ. ആന്‍റണി ഫൗസി പറഞ്ഞു. വൈറ്റ് ഹൗസില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫൗസി.

കൊറോണ വൈറസ് എന്ന ഭീഷണി നിലനില്‍ക്കുന്നിടത്തോളം ലോകത്തിന് പഴയ ജീവിതത്തിലേക്ക് മടങ്ങാനാകില്ലെന്ന് ഫൗസി പറഞ്ഞു. മുൻപുള്ളത് പോലെ സാധാരണ നിലയിലേക്ക് കൊറോണ വൈറസ് എന്നൊരു പ്രശ്‍നം ഉണ്ടായിട്ടില്ലെന്നതുപോലെ നടിക്കേണ്ടിവരും. എന്നാല്‍ മുഴുവന്‍ ജനങ്ങളും വൈറസിന്‍റെ ഭീഷണിയില്‍ നിന്ന് മുക്തരാകുന്നതുവരെ അങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് കരുതാനാകില്ലെന്ന് ഫൗസി പറഞ്ഞു.

ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടെത്തുക‌ എന്നത് തന്നെയാണ് കൊവിഡിനെ ഇല്ലാതാക്കാനുള്ള ഒരേയൊരു മാര്‍ഗമെന്നും ഫൗസി പറഞ്ഞു. വാക്സിന്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ചികിത്സയിലും പുതിയ രീതികള്‍ പരീക്ഷിക്കുന്നുണ്ടെന്നും ഫൗസി പറഞ്ഞു. ഓഗസ്റ്റ് നാല് ആകുമ്പോഴേക്ക് യുഎസില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 81766 ആകുമെന്നാണ് വാഷിങ്ടണ്‍ മോഡല്‍ യൂണിവേഴ്‍സിറ്റി കണക്കാക്കുന്നത്.