Asianet News MalayalamAsianet News Malayalam

'കൊറോണ' ബിയറും 'കൊറോണ' വൈറസും തമ്മിലെന്ത് ബന്ധം?

ഏറെ ഭീതീതമായ അവസ്ഥയില്‍ നിരവധി പേരാണ് ഇന്റര്‍നെറ്റില്‍ 'കൊറോണ' വൈറസുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചിരിക്കുന്നത്. ഇതിനിടെ ശ്രദ്ധേയമായ മറ്റൊരു വിഷയം കൂടി കടന്നുവരികയാണ്. 'കൊറോണ' എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ 'കൊറോണ' വൈറസ് എന്ന ഉത്തരത്തിന് ശേഷം രണ്ടാമതായി വരുന്നത് 'കൊറോണ' ബിയറിന്റെ പേരാണ്

people searches corona beer in google after coronavirus outbreak
Author
Delhi, First Published Jan 27, 2020, 10:02 PM IST

ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച 'കൊറോണ' വൈറസ് ഇതിനോടകം തന്നെ ലോകരാജ്യങ്ങളുടെയെല്ലാം സമാധാനം കെടുത്തിക്കഴിഞ്ഞു. 50 പേരാണ് വൈറസ് ബാധയില്‍ ഇതുവരെ മരിച്ചത്. ആയിരക്കണക്കിന് പേര്‍ ചൈനയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ തുടരുന്നു.

ഏറെ ഭീതീതമായ അവസ്ഥയില്‍ നിരവധി പേരാണ് ഇന്റര്‍നെറ്റില്‍ 'കൊറോണ' വൈറസുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചിരിക്കുന്നത്. ഇതിനിടെ ശ്രദ്ധേയമായ മറ്റൊരു വിഷയം കൂടി കടന്നുവരികയാണ്. 'കൊറോണ' എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ 'കൊറോണ' വൈറസ് എന്ന ഉത്തരത്തിന് ശേഷം രണ്ടാമതായി വരുന്നത് 'കൊറോണ' ബിയറിന്റെ പേരാണ്. 

വൈറസ് ബാധയുണ്ടാക്കുന്ന ആശങ്കകള്‍ക്കിടെ ഇന്ത്യക്കാര്‍ 'കൊറോണ' ബിയറിനെക്കുറിച്ചും വ്യാപകമായി ഇന്റര്‍നെറ്റില്‍ അന്വേഷിച്ചതാണത്രേ ഈ ഉത്തരത്തിന് കാരണം. ഇന്ത്യക്കാര്‍ മാത്രമല്ല, ഓസ്‌ട്രേലിയ, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും ധാരാളം അന്വേഷണങ്ങള്‍ ഇത് സംബന്ധിച്ച് വന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അപകടകാരിയായ വൈറസും ബിയറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുള്ളതായാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈറസിന്റെ പേരിലുള്ള ആശയക്കുഴപ്പം മൂലം തെറ്റി 'ടൈപ്പ്' ചെയ്തത് കൊണ്ട്, 'കൊറോണ' ബിയര്‍ മുന്നിലെത്തിയതെന്നാണ് എന്ന വാദവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 

പ്രമുഖമായ ഒരു മെക്‌സിക്കന്‍ ബ്രാന്‍ഡാണ് 'കൊറോണ' ബിയര്‍. എന്തായാലും 'കൊറോണ വൈറസും' ഈ ബിയറും തമ്മില്‍ പേരിലുള്ള സാമ്യമല്ലാതെ മറ്റൊരു ബന്ധവുമില്ല. അത്തരത്തിലുള്ള ആശങ്കകള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതില്‍ കഴമ്പില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

നിലവില്‍, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കെത്തിയതാണ് മാരകമായ വൈറസ് എന്ന നിഗമനത്തില്‍ തന്നെയാണ് ആരോഗ്യരംഗമുള്ളത്. പാമ്പ്, വവ്വാല്‍ എന്നീ രണ്ട് ജീവികളുമായി ബന്ധപ്പെട്ടാണ് ഏറെയും സംശയങ്ങള്‍ നില്‍ക്കുന്നത്. ഇതുവരെ വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ചൈനയിലെ വുഹാന്‍ എന്ന നഗരത്തില്‍ നിന്നാണ് 'കൊറേണ' പടര്‍ന്നതെന്ന് സ്ഥിരീകരണമായിരുന്നു. 

Follow Us:
Download App:
  • android
  • ios