പുകവലിയുടെ ദോഷവശങ്ങളെപ്പറ്റി നമുക്കറിയാം, എന്നാലും ഈ ശീലം നിർത്താൻ പെട്ടെന്ന് സാധിക്കാത്തവരാണ് മിക്കവരും. പുകവലിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. 90 ശതമാനം ശ്വാസകോശ ക്യാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല.

കൂടാതെ പ്രമേഹം, കാഴ്ചക്കുറവ്.. അങ്ങനെ പല തരത്തിലുളള അസുഖങ്ങള്‍ പുകവലിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള ഒരസുഖമാണ് മറവിരോഗവും. പുകവലിക്കുന്നവരില്‍ വലിയൊരു ശതമാനം പേരിലും മറവിരോഗത്തിനുള്ള സാധ്യതകള്‍ വലിയി രീതിയിലുണ്ടെന്ന തരത്തിലുള്ള നിരവധി പഠനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുപവന്നിട്ടുണ്ട്. 

എന്നാല്‍ ഇത്തരം പഠനങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ട് മറ്റൊരു പഠനറിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്: പുകവലിക്കുന്നവരില്‍ അക്കാരണം കൊണ്ട് മറവിരോഗം (ഡിമെന്‍ഷ്യ) ഉണ്ടാകില്ല എന്നാണ് ഈ  പഠനം അവകാശപ്പെടുന്നത്. കെന്റക്കി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഈ പഠനത്തിന് പിന്നില്‍. 'ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സ് ഡിസീസ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 

'പുവലിക്കുന്നവരില്‍ അക്കാരണം കൊണ്ട് വിവിധ അസുഖങ്ങള്‍ പിടിപെടാനും മറ്റുള്ളവരെ അപേക്ഷിച്ച് മരണം നേരത്തേയാകാനുമുള്ള സാധ്യതകള്‍ കൂടുതല്‍ തന്നെയാണ്. അതേസമയം ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യതയാണ് ഞങ്ങളുടെ പഠനം തള്ളിക്കളയുന്നത്. ഇതിനര്‍ത്ഥം നമ്മള്‍ പുകവലിയെ ന്യായീകരിക്കുന്നുവെന്നോ അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നോ അല്ല, പുകവലിക്ക് തീര്‍ച്ചയായും അതിന്റേതായ ദോഷഫലങ്ങളുണ്ട്..'- പഠനത്തിന് നേതൃത്വം നല്‍കിയ എറിന്‍ ആബ്‌നര്‍ പറയുന്നു.