അമിതവണ്ണം, നമുക്കറിയാം ധാരാളം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുന്ന ഒന്നാണ്. പലപ്പോഴും മോശം ജീവിതശൈലികളുടെ ഭാഗമായാണ് അമിതവണ്ണത്തിലേക്ക് ആളുകളെത്തുന്നത്. ഹോര്‍മോണ്‍ വ്യതിയാനം, മരുന്നുകളുടെ എഫക്ട് തുടങ്ങി വേറെയും ചില വിഷയങ്ങള്‍ കൂടി പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ജീവിതശൈലിയുടെ ഭാഗമായി പൊണ്ണത്തടിയുണ്ടാകുന്നത് പ്രതിരോധിക്കാന്‍ മികച്ച ഒരു മാര്‍ഗം നിര്‍ദേശിക്കുകയാണ് പുതിയൊരു പഠനം. 

ജര്‍മ്മനിയിലെ 'ലൂബെക് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. തങ്ങള്‍ ക്രമീകരിച്ച ഡയറ്റ് ഒരു സംഘം ആളുകളോട് പിന്തുടരാന്‍ പറയുകയും തുടര്‍ന്ന് അവരിലുണ്ടായ മാറ്റങ്ങളെ പരിശോധിച്ച്, വിശകലനം ചെയ്യുകയുമായിരുന്നു ഗവേഷകര്‍. 

മിക്കപ്പോഴും വണ്ണം കൂടാനിടയാക്കുന്നത് ഏത് സമയത്തെ ഭക്ഷണമാണെന്ന കാര്യത്തില്‍ എപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതായത്, പ്രഭാതഭക്ഷണമാണോ അത്താഴമാണോ കുറവ് കഴിക്കേണ്ടത്, അല്ലെങ്കില്‍ കൂടുതല്‍ കഴിക്കേണ്ടത് എന്നെല്ലാമുള്ള സംശയങ്ങള്‍. ഈ സംശയത്തെ ദുരീകരിക്കുന്നതായിരുന്നു ഇവരുടെ പഠനത്തിന്റെ നിഗമനങ്ങള്‍. 

രാവിലെ എത്ര 'ഹെവി' ബ്രേക്ക്ഫാസ്റ്റ് വേണമെങ്കിലും ആവാം. എന്നാല്‍ 'ഡിന്നര്‍' അളവ് കുറയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെയൊരു ശീലം വളര്‍ത്തിയെടുത്താല്‍ പൊണ്ണത്തടിയിലേക്കെത്താനുള്ള സാധ്യതയെ പരമാവധി കുറയ്ക്കാം എന്നാണ് പഠനം പറയുന്നത്. രാത്രിയെ അപേക്ഷിച്ച് രാവിലെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുതലാണെന്നും അതിനാല്‍ത്തന്നെ രാത്രിയിലത്തേതില്‍ നിന്ന് നേര്‍ ഇരട്ടി ഭക്ഷണം രാവിലെ കഴിച്ചാല്‍ പോലും ഭയപ്പെടേണ്ടതില്ലെന്നുമാണ് ഗവേഷകരുടെ വാദം.