റോബോട്ട് നഴ്‌സായ ടോമിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മുഖത്ത് മാസ്ക് ധരിക്കില്ല, കെെകളിൽ ​ഗ്ലൗസുമില്ല. ആശുപത്രിയിലെ എല്ലാ വാർഡുകളിലും കയറി നടന്ന് രോഗികളെ പരിചരിക്കാൻ ടോമി മിടുക്കാനാണ്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില പരിശോധിക്കുകയാണ് ടോമിയുടെ ജോലി.

വടക്കൻ ലൊംബാർഡി മേഖലയിലെ വാറേസെ നഗരത്തിലെ സിർകോളോ ആശുപത്രിയിലുള്ള ആറു റോബോട്ടുകളിലൊന്നാണ് ടോമി. വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന ഡോക്‌ടർമാർക്കും ന‌ഴ്‌സുമാർക്കും വളരെ സഹായിയാണ് ടോമിയടക്കമുള്ള റോബോട്ടുകൾ. ടോമി മിടുക്കനാണ്, അവൻ എല്ലാ ജോലിയും വളരെ ക്യത്യമായി തന്നെ ചെയ്യുന്നു.

മറ്റ് നഴ്‌സുമാരെ പോലെ തന്നെയാണ് ടോമിയെന്നും മനുഷ്യനല്ല എന്നൊരു വ്യത്യാസമേ ഉള്ളുവെന്നും ആശുപത്രിയിലെ ഡോക്‌ടർമാർ പറയുന്നു. ഓരോ രോഗികളുടെയും അടുത്തെത്തുന്ന റോബോട്ടുകൾ രോഗികളിൽ ഘടിപ്പിച്ചിരിക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയും രോഗിയുടെ സ്ഥിതിയെ അവലോകനം ചെയ്യുകയും ചെയ്യുന്നു.

രോഗികൾക്ക് ഡോക്‌ടർമാരോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ടച്ച് സ്ക്രീനിൽ രേഖപ്പെടുത്താം. റോബോട്ടുകൾ വഴി രോഗിയും ഡോക്‌ട‌ർമാരും നഴ്‌സുമാരും തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.