തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. അത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം മെയ് 17ന് ആചരിക്കുകയാണ്. ഈ ദിവസം എങ്കിലും നമ്മുക്ക് രക്തസമ്മര്‍ദ്ദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. കേരളത്തില്‍ 40 വയസ്സിന് മുകളിലുള്ള ഉദ്ദേശം 30–40 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം നിസാരമായി കാണരുത്. കൃത്യമായ പരിശോധനകള്‍ വേണ്ട രോഗമാണിത്. 

രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപ്പെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്.

എന്നാല്‍ ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളുമാണ്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം. രക്തസമ്മര്‍ദം കുറയ്ക്കാനുപകരിക്കുന്ന അനുയോജ്യമായ  ഭക്ഷണങ്ങളെ പരിചയപ്പെടാം. 

വാഴപ്പഴം

വാഴപ്പഴം പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ്. ഒപ്പം സോഡിയത്തിന്‍റെ അളവ് തീരെക്കുറവും. ഈ കോംമ്പിനേഷന്‍ നിങ്ങളുടെ രക്തസമ്മര്‍ദം കുറയ്ക്കാനുതകുന്നതാണ്. നിങ്ങള്‍ക്ക് ഇത് ഒറ്റയ്ക്കും കേക്ക്, ബ്രഡ്, മില്‍ക്ക്ഷേക്ക് എന്നിവയിലെ ചേരുവയായും അകത്താക്കാം.

വെണ്ണപ്പഴം

നിങ്ങളുടെ കുതിച്ചുയരുന്ന രക്തസമ്മര്‍ദം കുറയ്ക്കാനേറ്റവും ഉപകരിക്കുന്ന പഴവര്‍ഗ്ഗമാണ് വെണ്ണപ്പഴം അഥവാ അവകാഡോസ്. വെണ്ണപ്പഴത്തിലടങ്ങിയിരിക്കുന്ന ഒലിക്ക് ആസിഡ് ഉയരുന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ നിലയും കുറയ്ക്കും. വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെക്കുടുതലുളളതിനാല്‍ ഹൃദയാരോഗ്യവും വര്‍ദ്ധിക്കും. വെണ്ണപ്പഴത്തില്‍ ആന്‍ഡി ഓക്സിഡന്‍റുകളും വിറ്റമിന്‍ എ, കെ, ബി, ഇ എന്നിവയും കൂടുതലാണ്.

തണ്ണിമത്തന്‍

ചൂടുകാലത്തെ താരമായ തണ്ണിമത്തനില്‍ എല്‍- സിറ്റ്റുലൈന്‍ എന്ന അമിനേ ആസിഡ് ഉണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുതകുന്നതാണ്. ഹൃദയാരോഗ്യത്തിനുതകുന്ന ഫൈബറുകളും,ലൈക്കോപെനിസും, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുണ്ട്. സലാഡായും ഒറ്റയ്ക്കും തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്. 

ഓറഞ്ച്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമുളള ഓറഞ്ച് രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തിന്‍റെയും രക്തക്കുഴലുകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഓറഞ്ചിലുളള സവിശേഷ നാരുകളും വിറ്റാമിന്‍ സിയും ശരീരത്തെ ആരോഗ്യകരമായി നിലനിറുത്തുന്നു. ജ്യൂസായും അല്ലാതെയും ഓറഞ്ച് ഉപയോഗിക്കാം.      

ഏത്തപ്പഴം

പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം . ഇത് ദിവസവും ഒരെണ്ണം വച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം സാമാന്യം മികച്ച രീതിയില്‍ തന്നെ നിയന്ത്രിക്കാനായി സാധിക്കും.

ചീര

 രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ചീര. ഇന്ന് മിക്ക വീടുകളിലും ചീര കൃഷി ചെയ്യാറുമുണ്ട്.  മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. 

തക്കാളി

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്റി-ഓക്സിഡന്റായ ലിക്കോപിന്‍ തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ബി പിയുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ ഇനി യാതൊരുവിധ മടിയും കാണിക്കേണ്ട കാര്യമില്ല.

വെളുത്തുള്ളി

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി രക്തയോട്ടം വർധിപ്പിക്കുന്നതിനും പ്രമേഹം അകറ്റുന്നതിനും സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി വെറും വയറ്റിലോ അല്ലാതെയോ കഴിക്കാം. 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.