കാര്‍ഡിഫ്: അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി ടീം ഇന്ത്യ ലോകകപ്പിന് കച്ചമുറുക്കി. കോലിപ്പട ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 95 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. സെഞ്ചുറി പ്രകടനവുമായി ഇന്ത്യയുടെ ലോകകപ്പ് ആവേശം ഉയര്‍ത്തിയ എം എസ് ധോണിയും കെ എല്‍ രാഹുലുമാണ് ബംഗ്ലാ കടുവകളെ തുരത്തിയത്. മൂന്ന് വിക്കറ്റ് പ്രകടനവുമായി റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യ ഉയര്‍ത്തിയ 360 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാ കടുവകളുടെ വീര്യം 49.3 ഓവറില്‍ 264 റണ്‍സില്‍ അവസാനിച്ചു. 90 റണ്‍സ് നേടിയ മുഷ്‌ഫിഖുര്‍ റഹീമും 73 റണ്‍സ് നേടിയ ലിറ്റില്‍ ദാസും മികച്ച പോരാട്ടം നടത്തിയെങ്കിലും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ മറ്റുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഓപ്പണര്‍മാരായ സൗമ്യ സര്‍ക്കാരും(25) ലിറ്റണ്‍ ദാസും(73 തിളങ്ങി. പിന്നീടുവന്നവരില്‍ വിക്കറ്റ് കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീം മാത്രമാണ് തിളങ്ങിയത്.  ഷാക്കിബിനെ ബുംറയും മിഥുനെ ചാഹലും ഗോള്‍ഡണ്‍ ഡക്കാക്കി. മഹമ്മദുള്ള(9), സാബിര്‍(7), ഹൊസൈന്‍(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. 94 പന്തില്‍ 90 റണ്‍സെടുത്ത് മുഷ്‌ഫിഖുര്‍ ആറാമനായി പുറത്തായതോടെ ബംഗ്ലാദേശ് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.  

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. നാല് വിക്കറ്റിന് 102 എന്ന നിലയിലായിരുന്ന ഇന്ത്യയെ സെഞ്ചുറികളുമായി കെ എല്‍ രാഹുലും എം എസ് ധോണിയുമാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. രാഹുല്‍ 99 പന്തില്‍ 108 റണ്‍സെടുത്തും ധോണി 78 പന്തില്‍ 113 റണ്‍സുമായും പുറത്തായി. ഏഴ് സിക്‌സുകള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പറന്നു. ഇന്ത്യ നാളുകളായി തിരയുന്ന നാലാം നമ്പറിലാണ് രാഹുലിന്‍റെ സെഞ്ചുറി എന്നതാണ് ശ്രദ്ധേയം. 

അഞ്ചാം വിക്കറ്റില്‍ 164 റണ്‍സ് ധോണിയും രാഹുലും കൂട്ടിച്ചേര്‍ത്തു. കോലി(47) ഹാര്‍ദിക് 11 പന്തില്‍ 22 റണ്‍സ് എന്നിവരുടെ ബാറ്റിംഗും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. ശിഖര്‍ ധവാന്‍(1) രോഹിത് ശര്‍മ്മ(19), വിജയ് ശങ്കര്‍(2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.  50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ദിനേശ് കാര്‍ത്തിക്(7), ജഡേജ(11) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്‌താഫിസുറും ഓരോ വിക്കറ്റും വീഴ്‌ത്തി.