ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ 36 റണ്‍സിന് കീഴടക്കിയ വിജയം ആഘോഷിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ചിത്രം 'ഭാരത്' കണ്ടാണ് ആഘോഷങ്ങൾക്ക് ടീം തുടക്കമിട്ടത്. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാൽ ആരാധകരെല്ലാം മത്സരം കാണാനുള്ള തിരക്കിലായിരിക്കുമെന്ന ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു ഭാരത്. അതിനിടയിലാണ് ഭാരതിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഇന്ത്യൻ ടീമിന്റെ ട്വീറ്റ്.

ഇന്ത്യൻ താരം കേദർ ജാദവാണ് ഭാരത് കാണാൻ തിയേറ്ററിലേക്ക് പോയ ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. 'ഭാരതത്തിന്റെ ടീം ഭാരത് ചിത്രം കണ്ടതിനുശേഷം' എന്ന അടിക്കുറിപ്പോടെയാണ് ജാദവ് ചിത്രം പങ്കുവച്ചത്. ഹാർദ്ദിക് പാണ്ഡ്യ, ​ധോണി, ശിഖർ ധവാൻ, കെഎൽ രാഹുൽ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ജാദവ് പങ്കുവച്ചത്. ഇം​ഗ്ലണ്ടിൽ വച്ചാണ് ടീം ചിത്രം കണ്ടത്.

ഇന്ത്യൻ താരങ്ങൾ ചിത്രം കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കാൻ സൽമാൻ ഖാനും മറന്നില്ല. 'ഭാരത് കണ്ടതിന് നന്ദി ഭാരത് ടീം. ഭാരത് കണ്ടതിന് നന്ദി സഹോദരങ്ങളെ. വരുന്ന മത്സരങ്ങളിൽ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു. ഭാരതം നിങ്ങൽക്കൊപ്പമുണ്ട്', സൽമാൻ കുറിച്ചു.

അതേസമയം ആദ്യദിനത്തിൽ 42.30 കളക്ഷൻ നേടിയ ഭാരത് നൂറ് കോടി ക്ലബും കടന്ന് 160 കോടിയിലെത്തിയിരിക്കുകയാണ്. പെരുന്നാള്‍ ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ലോകത്താകമാനം 250 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഭാരത്.

ടൈഗര്‍ സിന്ധാ ഹേയ്ക്ക് ശേഷം സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഭാരതിന് ഉണ്ട്. ചിത്രത്തില്‍ ദിഷ പാറ്റാനി, തബു എന്നിവരും നായികമാരായി എത്തുന്നു. വിശാല്‍ ശേഖര്‍ ടീമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.