കാണ്‍പൂര്‍: താരങ്ങള്‍ക്ക് ലോകകപ്പിന് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുമോ എന്നായിരുന്നു ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നു പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ആധിയുണ്ടായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ നിന്ന് താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.  

എന്നാല്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ഐപിഎല്‍ ഒരു വലിയ വേദിയായിട്ടാണ് തോന്നിയത്. താരം അത് പറയുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 15 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ നേടിയ ഭുവി പറയുന്നതിങ്ങനെ... ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാന്‍ കഴിഞ്ഞത് ടീമിന് ഗുണം ചെയ്യും. നിര്‍ബന്ധമായും ആവശ്യമായിരുന്നു പരിശീലനമാണ് ഐപിഎല്ലിലൂടെ ലഭിച്ചത്. ഒരിക്കല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കും. എനിക്ക് മികച്ച ഫോമിലേക്ക് വരണമായിരുന്നു. ഐപിഎല്ലിലെ അവസാന മത്സരങ്ങളിലൂടെ അതിന് സാധിച്ചുവെന്നും ഭുവി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ജേഴ്‌സിയില്‍ 105 ഏകദിനങ്ങള്‍ കളിച്ച ഭുവനേശ്വര്‍ കുമാര്‍ 118 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലോകകപ്പില്‍ താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.