മാഞ്ചസ്റ്റര്‍: ലോകക്രിക്കറ്റിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഗംഭീര വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്. ടീം ഇന്ത്യ അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങി അഭിമാനിതരാകുമ്പോള്‍ പാക് താരങ്ങള്‍ വിമര്‍ശനമേറ്റ് പുളയുകയാണ്. മുന്‍ താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം പാക്കിസ്ഥാന്‍റെ പോരാട്ടവീര്യമില്ലായ്മയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍താരം ഷൊയിബ് അക്തറാണ് വിമര്‍ശനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നത്.

നായകന്‍ സര്‍ഫറാസിനെയും പേസര്‍ ഹസന്‍ അലിയെയുമാണ് റാവല്‍പിണ്ടി എക്സ്പ്രസ് കൂടുതലായും വിമര്‍ശിക്കുന്നത്. വാഗാ അതിര്‍ത്തിയില്‍ പോയി നൃത്തമാടാന്‍ കാട്ടിയ ആവേശം ഹസന്‍ അലിക്ക് എന്തുകൊണ്ടാണ് മൈതാനത്ത് പുറത്തെടുക്കാനാകത്തതെന്ന് അക്തര്‍ ചോദിച്ചു. 2018ല്‍ ഹസന്‍ അലി വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി ഡാന്‍സ് കളിച്ചിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് അക്തറിന്‍റെ വിമര്‍ശനം. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഒമ്പതോവര്‍ എറിഞ്ഞ ഹസന്‍ അലി 84 റണ്‍സാണ് വിട്ടുകൊടുത്തത്. പാക് ബൗളര്‍മാരില്‍ ഏറ്റവും തല്ല് വാങ്ങിയതും മറ്റാരുമല്ല.

തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയെന്ന വിമര്‍ശനമാണ് പാക് നായകന്‍ സര്‍ഫറാസിനെതിരെ അക്തര്‍ നടത്തിയത്. ടോസ് ലഭിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാത്തതാണ് അക്തറിനെ ചൊടിപ്പിച്ചത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യാനയച്ച് കോലി കാട്ടിയ മണ്ടത്തരം സര്‍ഫറാസ് ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്തിരുന്നതെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്ന പ്രതീക്ഷയും ലോകക്രിക്കറ്റിനെ ഒരു കാലത്ത് വിറപ്പിച്ച റാവല്‍പിണ്ടി എക്സ്പ്രസ് പങ്കുവച്ചു.